
കൊച്ചി: രണ്ട് മാസം നീണ്ടുനിന്ന അവധിക്കാലത്തോട് ബൈ ബൈ പറഞ്ഞ് കേരളത്തിലെ കുട്ടികൾ ഇന്ന് വീണ്ടും പാഠപുസ്തകം കൈയ്യിലെടുക്കും. വേനലവധിക്ക് ശേഷം പുതിയ അധ്യായന വര്‍ഷത്തിനാണ് ഇന്ന് തുടക്കമാകുത. ഒന്നാം ക്ലാസിലേക്ക് പിച്ചവെക്കുന്ന കുരുന്നുകളടക്കം ഇന്ന് ക്ലാസ് മുറിയിലെത്തും. പുതിയ അധ്യയന വർഷം തുടങ്ങുന്നതിന്‍റെ ഭാഗമായുള്ള സംസ്ഥാനതല പ്രവേശനോത്സവം കൊച്ചി എളമക്കര സര്‍ക്കാര്‍ ഹയര്‍ സെക്കൻഡറി സ്കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടിയാകും അധ്യക്ഷത വഹിക്കുക. പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ മുഖ്യപ്രഭാഷണം നടത്തും.
രാവിലെ 9 മണി മുതല്‍ ഒന്നാം ക്ലാസിലെത്തുന്ന കുട്ടികളെ വിദ്യാഭ്യാസമന്ത്രിയുടെ നേതൃത്വത്തില്‍ സ്വീകരിക്കും. 9.30 ന് പ്രവേശനോത്സവ ഗാനത്തിന്‍റെ ദൃശ്യാവിഷ്കാരം അവതരിപ്പിക്കും. തുടര്‍ന്നാണ് ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും പ്രവേശനോത്സവം നടക്കും. മൂന്ന് ലക്ഷത്തോളം കുരുന്നുകളാണ് ഇന്ന് ഒന്നാം ക്ലാസിലേക്ക് പിച്ചവെച്ച് എത്തുന്നത്.
അധ്യയന വർഷത്തിന്‍റെ ആദ്യ ദിനത്തിൽ സംസ്ഥാനത്ത് കാര്യമായ മഴ ഭീഷണിയില്ലെന്നത് ആശ്വാസകരമാണ്. സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മാത്രമാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതെന്നാണ് പ്രവചനം. കണ്ണൂർ ജില്ലയിൽ മാത്രമാണ് ഇന്ന് യെല്ലോ അലർട്ട് ഉള്ളത്.
എന്നാൽ 3 ജില്ലകളിലെ വിവിധ സ്കൂളുകൾക്ക് ആദ്യ ദിനം തന്നെ അവധിയാണ്. കൊല്ലം, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കാണ് അതത് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും വേളൂർ സെൻ്റ് ജോൺ എൽ.പി.എസ്., പുളി നാക്കൽ സെൻ്റ് ജോൺ യു.പി.എസ്., കല്ലുപുരയ്ക്കൽ ഗവൺമെൻ്റ് എൽ.പി. എസ്, കല്ലുപുരയ്ക്കൽ ഗവൺമെൻ്റ് യു.പി.എസ്.എന്നീ സ്കൂളുകൾക്കും ജൂൺ 3 ന് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരിയാണ് അറിയിച്ചത്. പത്തനംതിട്ട ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും ഇന്ന് ജില്ലാ കലളക്ടർ അവധി നൽകിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ആലപ്പുഴ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്.















