കശ്മീരില്‍ മലയാളികള്‍ സഞ്ചരിച്ച ട്രാവലർ അപകടത്തില്‍പ്പെട്ടു; ഒരു മരണം, 14 പേര്‍ക്ക് പരുക്ക്; ആറുപേരുടെ നില ഗുരുതരം

ശ്രീനഗര്‍: കശ്മീരില്‍ വിനോദസഞ്ചാരത്തിനായി പോയ മലയാളികള്‍ സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. 14 പേര്‍ക്ക് പരുക്കേറ്റു. ശ്രീനഗര്‍-ജമ്മു ദേശീയപാതയില്‍ ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായത്.

കോഴിക്കോട് നാദാപുരം ഇയ്യങ്കോട് പുത്തന്‍ പീടികയില്‍ സഫ്‌വാന്‍ (23) ആണ് മരിച്ചത്‌. തിരുവനന്തപുരത്തെ ഐടി കമ്പനിയില്‍ ജീവനക്കാരനാണ് മരിച്ച സഫ്‌വാന്‍. അപകടത്തില്‍പ്പെട്ട ട്രാവലറിലുണ്ടായിരുന്ന 16 പേരില്‍ 12 പേരും മലയാളികളാണെന്നാണ് വിവരം. പരുക്കേറ്റവരിൽ ആറുപേരുടെ നില ഗുരുതരമാണ്. ശ്രീനഗറില്‍നിന്ന് ജമ്മുവിലേക്ക് പോകുകയായിരുന്ന ടെമ്പോ ട്രാവലര്‍ എതിര്‍ദിശയില്‍നിന്ന് വരികയായിരുന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഗുരുതരമായ പരുക്കേറ്റ മലപുറം സ്വദേശി ബാസിം അബ്ദുള്‍ ബാരി സൗറ സ്‌കിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. അസ്ഹര്‍, വാസിഫ്, നിസാം, തല്‍ഹത്ത്, മാജിദ്, സുഹൈല്‍, ശ്യാമില്‍, നവീദ്, സിറാജ് എന്നിവരെ അനന്ത നാഗ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഏപ്രില്‍ 26-ന് വൈകീട്ടാണ് ഇവര്‍ നാട്ടില്‍നിന്ന് കശ്മീരിലേക്കുള്ള യാത്രതിരിച്ചത്. സഫ്‌വാന്റെ മൃതദേഹം ബന്‍ഹാള്‍ സബ് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലാണുള്ളത്.