കേരളം ചുട്ടുപൊള്ളുന്നു; കനത്ത ജാഗ്രത, ആറു ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: കേരളത്തിലെ ആറു ജില്ലകളില്‍ ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി വരെയും ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ 36ഡിഗ്രി വരെയും രേഖപ്പെടുത്താന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നിലവിലെ താപനിലയെക്കാള്‍ 2 മുതല്‍ 4 വരെ ഡിഗ്രി കൂടുതലായിരിക്കും അനുഭവപ്പെടുക.

ഇന്നലെ തൃശൂര്‍ വെള്ളാനിക്കരയില്‍ 37 ഡിഗ്രി രേഖപ്പെടുത്തി. കൊച്ചി വിമാനത്താവളത്തിലായിരുന്നു ഏറ്റവും കുറഞ്ഞ താപനില. 32.8 ഡിഗ്രി. പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. നിര്‍ജലീകരണം ഒഴിവാക്കാന്‍ ധാരാളം വെള്ളം കുടിക്കണമെന്നും നിര്‍ദേശം.

ജലദൗർലഭ്യം പരിഹരിക്കുന്നതിനുവേണ്ടി ശുദ്ധജലവിതരണം നടത്തുന്നതിനു ചെലവഴിക്കാവുന്ന തുകയും അതിനുള്ള മാനദണ്ഡങ്ങളും തദ്ദേശ വകുപ്പ് പുറപ്പെടുവിച്ചു. മാർച്ച് 31ന് അകം പഞ്ചായത്തുകൾക്ക് 6 ലക്ഷം രൂപയും മുനിസിപ്പാലിറ്റികൾക്കു 12 ലക്ഷം രൂപയും കോർപറേഷനുകൾക്ക് 17 ലക്ഷം രൂപയും ചെലവഴിക്കാം. അതിനുശേഷം മേയ് 31വരെ യഥാക്രമം 12 ലക്ഷവും 17 ലക്ഷവും 22 ലക്ഷവും ചെലവഴിക്കാൻ അനുമതിയുണ്ട്.