
തിരുവനന്തപുരം: കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. തെക്കൻ ജില്ലകളിൽ കൂടുതൽ മഴ ലഭിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കടലാക്രമണത്തിന് സാധ്യത ഉള്ളതിനാൽ മത്സ്യതൊഴിലാളികൾക്കും തീരദേശ വാസികൾക്കും പ്രത്യേക ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി.
ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ലക്ഷദ്വീപിന് മുകളിൽ സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയും ലക്ഷദ്വീപ് മുതൽ വടക്കൻ കൊങ്കൺ വരെ നിലനിൽക്കുന്ന ന്യൂനമർദ്ദപാത്തിയുമാണ് മഴയ്ക്ക് കാരണം.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇന്നലെ ശക്തമായ മഴ ലഭിച്ചു. പലയിടത്തും ഇടിമിന്നലോട് കൂടിയ മഴയാണ് ഉണ്ടായത്. കേരള തീരത്തും വടക്കൻ തമിഴ്നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.2 മീറ്റർ വരെയും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. തെക്കൻ തമിഴ്‌നാട് തീരത്ത് 06-01-2024 (നാളെ) രാത്രി 11.30 വരെ 1.0 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.