കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച്വുമൺ കളക്ടീവ് (ഡബ്ല്യുസിസി) രംഗത്ത്. സിനിമാ മേഖലയില്‍ മാന്യമായ തൊഴിലിടം ആഗ്രഹിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും നീതി തേടിയുള്ള തങ്ങളുടെ പോരാട്ടം ശരിയായ ദിശയിലാണെന്ന് ഡബ്ല്യുസിസി ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
ഡബ്ല്യുസിസിയുടെ കുറിപ്പ്
‘ഇത് ഞങ്ങള്‍ക്ക് ഒരു നീണ്ട യാത്രയാണ്! സിനിമാ മേഖലയില്‍ മാന്യമായ പ്രൊഫഷണല്‍ ഇടം ആഗ്രഹിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും നീതി തേടിയുള്ള ഞങ്ങളുടെ പോരാട്ടം ശരിയായ ദിശയിലാണ്. ഇന്ന് ഞങ്ങളുടെ നിലപാട് സാധൂകരിക്കപ്പെട്ടു. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടത് ഡബ്ല്യുസിസിയുടെ മറ്റൊരു ചുവടുവെയ്പ്പാണ്.സിനിമാ വ്യവസായത്തില്‍ ലിംഗഭേദം എങ്ങനെ പ്രകടമാകുന്നു എന്നതിന്റെ ഒരു റിപ്പോര്‍ട്ട് സിനിമാ ചരിത്രത്തില്‍ ഇതാദ്യമാണ്. ജസ്റ്റിസ് ഹേമ, ശ്രീമതി ശാരദ, ഡോ.വത്സലകുമാരി എന്നിവര്‍ ഈ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ചെലവഴിച്ച മണിക്കൂറുകള്‍ക്ക് ഞങ്ങള്‍ നന്ദി പറയുന്നു. മാധ്യമങ്ങള്‍ക്കും വനിതാ കമ്മീഷനും കേരളത്തിലെ ജനങ്ങള്‍ക്കും എല്ലാ വനിതാ സംഘടനകള്‍ക്കും അഭിഭാഷകര്‍ക്കും ഡബ്ല്യുസിസിയുടെ നന്ദി. റിപ്പോര്‍ട്ട് പഠിച്ച് സര്‍ക്കാര്‍ കർശന നടപടിയെടുക്കുമെന്നാണ് പ്രതീക്ഷ. ഇത് സ്ത്രീകളുടെ ശബ്ദമാണ്, നിര്‍ബന്ധമായും എല്ലാവരും കേള്‍ക്കണം.