
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടി വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്ന് വെളിപ്പെടുത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ എം മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ജനങ്ങള്‍ സംഭാവന നല്കിയ പണം സൂക്ഷിച്ചിരുന്ന ബാങ്ക് അക്കൗണ്ടുകള്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ മരവിപ്പിച്ചെന്നും പാര്‍ട്ടിക്ക് വന്‍ പിഴ ചുമത്തിയെന്നും അതിനാല്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നുമാണ് ഖാര്‍ഗെ പറയുന്നത്.
തിരഞ്ഞെടുപ്പില്‍ എല്ലാവര്ക്കും തുല്യ അവസരം ലഭിക്കണമെന്നു ചൂണ്ടിക്കാട്ടിയ ഖാര്‍ഗെ, കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ആദായനികുതി വഴി പാര്‍ട്ടിക്ക് വന്‍ തുക പിഴ ചുമത്തുകയും ചെയ്തുവെന്നും വ്യക്തമാക്കി. അതേസമയം സുപ്രീം കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് ഇലക്ടറല്‍ ബോണ്ടുകള്‍ വഴി കൈപ്പറ്റിയ ആയിരക്കണക്കിന് കോടി രൂപയെക്കുറിച്ച് വെളിപ്പെടുത്താന്‍ ബിജെപി തയ്യാറല്ലെന്നും അദ്ദേഹം ആരോപിച്ചു.
ജനങ്ങള്‍ സംഭാവനയായി നല്കിയ പണമാണ് പാര്‍ട്ടിക്കുള്ളതെന്നും അത് ചിലവാക്കാനാവാത്ത സ്ഥിതിയാണെന്നും പറഞ്ഞ ഖാര്‍ഗെ, 2019ലെ തിരഞ്ഞെടുപ്പില്‍ താന്‍ പരാജയപ്പെട്ട കലബുറഗിയിലെ ജനങ്ങള്‍ തങ്ങളുടെ തെറ്റ് തിരുത്താനും വരുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ വിജയിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും അവകാശപ്പെട്ടു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കലബുറഗിയില്‍ 95,452 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഖാര്‍ഗെയെ ബിജെപിയുടെ ഉമേഷ് ജാദവ് പരാജയപ്പെടുത്തിയത്. പരാജയമില്ലാത്ത നേതാവ് എന്നറിയപ്പെടുന്ന ഖാര്‍ഗെ, പതിറ്റാണ്ടുകള്‍ നീണ്ട അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ ആദ്യത്തെ തിരഞ്ഞെടുപ്പ് പരാജയമായിരുന്നു അതിലൂടെ അനുഭവിച്ചത്.
രാജ്യത്തെ ഭരണഘടനയെയും ജനാധിപത്യത്തെയും ‘രക്ഷിക്കാന്‍’, വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയുടെ വിജയം ഉറപ്പാക്കാനും ശക്തമായി ഒരുമിച്ച് നില്‍ക്കണമെന്നും ഖാര്‍ഗെ ജനങ്ങളോട് ആഹ്വാനം ചെയ്തു.
ദേശീയതലത്തില്‍ കോണ്‍ഗ്രസിനെ നിയന്ത്രിക്കാനും ഏകോപിപ്പിക്കാനുമുള്ള ചുമതലയുള്ള ഖാര്‍ഗെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കില്ലെന്നും പകരം മരുമകന് രാധാകൃഷ്ണ ദൊഡ്ഡമണിയെ പാര്‍ട്ടി മത്സരിപ്പിക്കുമെന്നും ഊഹാപോഹങ്ങള്‍ ശക്തമാണ്.
M Mallikarjun Kharge revealed that the Congress party is facing a huge financial crisis