17 രോഗികളെ നിഷ്‌കരുണം കൊലപ്പെടുത്തിയ ‘കില്ലര്‍ നഴ്‌സിന്’ 760 വര്‍ഷം തടവ്

പെന്‍സില്‍വാനിയ: അമിതമായ അളവില്‍ ഇന്‍സുലിന്‍ കുത്തിവെച്ച് 17 രോഗികളെ നിഷ്‌കരുണം കൊലപ്പെടുത്തിയ നേഴ്‌സിന് 760 വര്‍ഷത്തെ തടവുശിക്ഷ വിധിച്ച് കോടതി. പെന്‍സില്‍വാനിയയിലെ 41 കാരിയായ നഴ്സ് ഹെതര്‍ പ്രസ്ഡി, മൂന്ന് കൊലപാതക കേസുകളിലും 19 കൊലപാതക ശ്രമങ്ങളിലും കുറ്റസമ്മതം നടത്തി ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു.

22 രോഗികള്‍ക്ക് അമിതമായ അളവില്‍ ഇന്‍സുലിന്‍ നല്‍കിയതിന് പ്രസ്ഡിക്കെതിരെ കുറ്റം ചുമത്തി, കുറച്ച് ആളുകള്‍ ജോലി ചെയ്യുന്ന സമയത്ത് രാത്രികാല ഷിഫ്റ്റുകളില്‍ പ്രമേഹമില്ലാത്ത ചിലര്‍ ഉള്‍പ്പെടെ പലര്‍ക്കും അമിതമായ അളവില്‍ ഇവര്‍ ഇന്‍സുലിന്‍ കുത്തിവയ്ക്കുകയായിരുന്നു. മിക്ക രോഗികളും അമിത ഡോസ് ലഭിച്ചതിന് ശേഷം ഹൃദയമിടിപ്പ് കൂടി ഹൈപ്പോഗ്ലൈസീമിയ എന്ന അവസ്ഥയിലേക്ക് എത്തുകയും ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിക്കുകയുമായിരുന്നു. ഇവരുടെ ഇരകള്‍ 43 മുതല്‍ 104 വയസ്സ് വരെ പ്രായമുള്ളവരാണ്.

രണ്ട് രോഗികളെ കൊലപ്പെടുത്തിയതിനും 19 പേരെ കൊലപ്പെടുത്താനുള്ള ശ്രമം നടത്തിയതിനും ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് ഇവര്‍ക്കെതിരെ ആദ്യം കുറ്റം ചുമത്തിയത്, തുടര്‍ന്നുള്ള പോലീസ് അന്വേഷണത്തില്‍ അവര്‍ക്കെതിരെ ഒന്നിലധികം കുറ്റങ്ങള്‍ ചുമത്തുകയായിരുന്നു. മുന്‍മ്പ് രോഗികളോടുള്ള ഇവരുടെ മോശം പെരുമാറ്റത്തില്‍ സഹപ്രവര്‍ത്തകര്‍ നഴ്‌സിനെതിരെ പരാതി നല്‍കിയിരുന്നു.

2018 മുതല്‍ വിവിധ നഴ്സിങ് ഹോമുകളിലും ആശുപത്രികളിലുമായാണ് ഹെതര്‍ പ്രസ്ഡി ജോലിചെയ്തിരുന്നത്. കഴിഞ്ഞ വര്‍ഷം പിടിയിലായപ്പോള്‍ ഇവരുടെ രജിസ്‌ട്രേഷന്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.