‘കൊടിക്കുന്നിൽ രണ്ടുതവണ തോറ്റു’; പ്രോ ടേം സ്പീക്കര്‍ നിയമനത്തില്‍ വിശദീകരണവുമായി കേന്ദ്രം

ന്യൂഡൽഹി: ലോക്‌സഭ പ്രോടേം സ്പീക്കര്‍ സ്ഥാനത്തു നിന്നും കൊടിക്കുന്നില്‍ സുരേഷിനെ തഴഞ്ഞ നടപടിയില്‍ വിശദീകരണവുമായി പാര്‍ലമെന്ററികാര്യമന്ത്രി കിരണ്‍ റിജിജു. കൊടിക്കുന്നിൽ സുരേഷിനെ പ്രോ ടേം സ്പീക്കർ ആക്കാത്തതിൽ അസ്വഭാവികത ഇല്ല. ഭർതൃഹരി മഹ്താബിന്റെ നിയമനം വ്യവസ്ഥകൾ പാലിച്ചാണ്. വെസ്റ്റ് മിനിസ്റ്റർ സമ്പ്രദായം പിന്തുടർന്നാണ് ഭർതൃഹരി മഹ്താബിന്റെ നിയമനമെന്നും കേന്ദ്രസർക്കാരിനു വേണ്ടി കിരൺ റിജിജു അറിയിച്ചു.

കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്ന പേര് കൊടിക്കുന്നിലിന്റേതാണ്. അദ്ദേഹം ആകെ എട്ടുതവണ എംപിയായി. എന്നാല്‍ 1998ലും 2004ലും പരാജയപ്പെട്ടു. പ്രോ ടേം സ്പീക്കറായി നിയമതനായ ഭര്‍തൃഹരി മഹ്താബ് പരാജയമറിയാതെ ഏഴുതവണ എംപിയായ വ്യക്തിയാണ്. ചട്ടങ്ങളും നിയമങ്ങളും അറിയാത്തവര്‍ മാത്രമേ ഭര്‍തൃഹരി മഹ്താബിനെ പ്രോ ടെം സ്പീക്കറാക്കിയതില്‍ തെറ്റുപറ്റിയെന്ന് പറയുകയുള്ളു എന്നാണ് കിരണ്‍ റിജിജു വ്യക്തമാക്കിയത്.

അതേസമയം പ്രോ ടെം സ്പീക്കര്‍ സ്ഥാനം താല്‍ക്കാലികമാണെന്നും പുതിയ സ്പീക്കറെ തിരഞ്ഞെടുക്കുത്തതുവരെ മാത്രമേ അവര്‍ക്ക് ചുമതലയുള്ളൂ എന്നും കിരണ്‍ റിജിജു പറഞ്ഞു. കൊടിക്കുന്നിലിനെ തടഞ്ഞതില്‍ പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയ പ്രതിപക്ഷത്തെ കിരണ്‍ റിജിജു വിമര്‍ശിക്കുകയും ചെയ്തു. പരാജയമറിയാതെ ഏഴുതവണ എംപിയായ ഭര്‍തൃഹരിയെ കോണ്‍ഗ്രസ് എതിര്‍ക്കുന്നത് വലിയ അപമാനമാണെന്നായിരുന്നു കിരണ്‍ റിജിജു അഭിപ്രായപ്പെട്ടത്.

Also Read

More Stories from this section

family-dental
witywide