ബിജെപിയെ ചോദ്യം ചെയ്ത് ചുംബന വിവാദം ! പ്രതിക്കൂട്ടില്‍ ബംഗാളിലെ ബിജെപി സ്ഥാനാര്‍ത്ഥി,അദ്ദേഹം അഛനെപ്പോലെയെന്ന് ന്യായീകരിച്ച് പെണ്‍കുട്ടിയും

കൊല്‍ക്കത്ത: പ്രചാരണത്തിനിടെ പരസ്യമായി ഒരു പെണ്‍കുട്ടിയെ ചുംബിച്ച ബംഗാളിലെ ബിജെപി സ്ഥാനാര്‍ത്ഥി വിവാദത്തിന് തിരികൊളുത്തി. ബിജെപി എം.പിയും ബംഗാളിലെ നോര്‍ത്ത് മാള്‍ഡ മണ്ഡലത്തിലെ പാര്‍ട്ടിയുടെ ലോക്സഭാ സ്ഥാനാര്‍ത്ഥിയുമായ ഖാഗന്‍ മുര്‍മുവിന്റെ ചുംബന ചിത്രം വൈറലായി മാറിയിരിക്കുകയാണ്.

പ്രചാരണത്തിനിടെ ഒരു പെണ്‍കുട്ടിയുടെ കവിളില്‍ കൈ ചേര്‍ത്തുപിടിക്കുന്നതും ചുംബിക്കുന്നതുമായ ചിത്രമാണ് ബിജെപിയെ പുതിയ വിവാദത്തിലേക്ക് വലിച്ചിഴച്ചത്.

തിങ്കളാഴ്ച ഖാഗന്‍ മുര്‍മു തന്റെ പശ്ചിമ ബംഗാളിലെ പാര്‍ലമെന്റ് മണ്ഡലമായ ചഞ്ചലിലെ ശ്രീഹിപൂര്‍ ഗ്രാമത്തില്‍ പ്രചാരണം നടത്തുകയായിരുന്നു. അതിനിടെയാണ് സംഭവം. വീണുകിട്ടിയ അവസരം നന്നായി ഉപയോഗിച്ച തൃണമൂല്‍ കോണ്‍ഗ്രസാകട്ടെ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് ചിത്രം എക്സില്‍ പങ്കുവെച്ചു. ഒപ്പം പാര്‍ട്ടിക്ക് ‘സ്ത്രീ വിരുദ്ധ രാഷ്ട്രീയക്കാരുടെ കുറവില്ല’ എന്നും കുറിച്ചിരുന്നു.

മുര്‍മുവിന്റെ പ്രചാരണത്തിന്റെ തത്സമയ സംപ്രേക്ഷണം അദ്ദേഹത്തിന്റെ ഫേസ്ബുക്കില്‍ നടത്തിയിരുന്നു. ഇതില്‍ നിന്നുമാണ് വിവാദ സംഭവം മറ്റുള്ളവരിലേക്ക് എത്തിയത്. സംഭവം ചര്‍ച്ചയായതോടെ വീഡിയോ ഡിലീറ്റ് ചെയ്തു.

വനിതാ ഗുസ്തിക്കാരെ ലൈംഗികമായി ഉപദ്രവിക്കുന്ന എംപിമാര്‍ മുതല്‍ സ്ത്രീകളെ സ്വന്തം ഇഷ്ടപ്രകാരം ചുംബിക്കുന്ന നേതാക്കള്‍ വരെ പാര്‍ട്ടിയിലുണ്ടെന്നും, മോദി കാ പരിവാര്‍ നാരി കാ സമ്മാനില്‍ ഏര്‍പ്പെടുന്നത് ഇങ്ങനെയാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് പരിഹസിച്ചു. അവര്‍ അധികാരത്തില്‍ വന്നാല്‍ എന്തുചെയ്യുമെന്ന് സങ്കല്‍പ്പിക്കുക എന്നും അവര്‍ എക്‌സില്‍ കുറിച്ചു.

കാര്യങ്ങള്‍ ഇങ്ങനെയൊക്ക ചൂടുപിടിക്കുകയാണെങ്കിലും തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിഷയം തണുപ്പിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. അതുകൊണ്ടുതന്നെ, തന്റെ വിവാദ ചുംബന വീഡിയോയെ ന്യായീകരിച്ച് ഖഗെന്‍ മുര്‍മുവും പ്രതികരണം നടത്തി. ചുംബിച്ച പെണ്‍കുട്ടി ‘തന്റെ കുട്ടിയെ’ പോലെയാണെന്നാണ് നേതാവ് പറഞ്ഞത്. ‘ഒരു കുട്ടിയെ ചുംബിക്കുന്നതില്‍ തെറ്റില്ല. ഇത് തികച്ചും ഗൂഢാലോചനയാണ്. വിവാദമാക്കിയവര്‍ക്ക് അത്ര മോശം മൂല്യങ്ങളുണ്ട്, എന്നും അദ്ദേഹം സ്വയം ന്യായീകരിച്ചു. മാത്രമല്ല, ഇത്തരം ചിത്രങ്ങള്‍ വളച്ചൊടിച്ച് പാര്‍ട്ടികളെയും വ്യക്തികളെയും അപകീര്‍ത്തിപ്പെടുത്തുകയാണെന്ന് കാട്ടി തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി എംപിയെ ന്യായീകരിച്ച് വിവാദത്തിലെ പെണ്‍കുട്ടിയും എത്തി. വൈറലായ ചിത്രങ്ങളിലെ അശ്ലീലം ചൂണ്ടിക്കാണിച്ചവര്‍ക്കെതിരെ ആഞ്ഞടിച്ച്, മുര്‍മു തന്നെ മകളെപ്പോലെയാണ് ചുംബിച്ചതെന്ന് പെണ്‍കുട്ടി തുറന്നടിച്ചു. അങ്ങനെ ഒരു സ്ത്രീയെ ചുംബിച്ചാല്‍ കുഴപ്പമില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. ‘ഒരു പുരുഷന്‍ സ്വന്തം മകളെപ്പോലെ ഒരു സ്ത്രീയെ ചുംബിച്ചാല്‍, അതില്‍ എന്താണ് പ്രശ്‌നം? ഇത്തരം സംഭവങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാക്കുന്ന ആളുകള്‍ക്ക് വൃത്തികെട്ട മാനസികാവസ്ഥയാണ്. ഖഗെന്‍ മുര്‍മു എന്നെ മകളെപ്പോലെ സ്‌നേഹിക്കുന്നു. എന്റെ അച്ഛനും അമ്മയും ഒപ്പം ഉണ്ടായിരുന്നു – പെണ്‍കുട്ടി പറഞ്ഞു.

More Stories from this section

family-dental
witywide