
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും ആഭ്യന്തരവകുപ്പിനുമെതിരായ എൽഡിഎഫ് എംഎൽഎ പി.വി അൻവറിന്റെ രൂക്ഷവിമർശനത്തിനു പിന്നാലെ പ്രതികരണവുമായി ആർഎംപി നേതാവും എംഎൽഎയുമായ കെ.കെ രമ. ഭർത്താവായ ടി.പി ചന്ദ്രശേഖരന്റെ കൊലക്കേസിനെ ഓർമിപ്പിക്കും വിധമാണ് രമയുടെ പ്രതികരണം. ‘ഇന്നോവ… മാഷാ അള്ളാ’ എന്നാണ് രമ ഫേസ്ബുക്കിൽ കുറിച്ചത്.
ടി.പി. ചന്ദ്രശേഖരന്റെ കൊലപാതക അന്വേഷണത്തെ വഴിതിരിച്ചുവിടാന്‍ ഉപയോഗിച്ച മാഷാ അള്ളാ സ്റ്റിക്കർ ഏറെ ചർച്ചായിരുന്നു. കൊലയാളി സംഘം സഞ്ചരിച്ച ഇന്നോവ കാറിന്റെ പിന്നിലായിരുന്നു ഇത്തരത്തിൽ സ്റ്റിക്കർ ഒട്ടിച്ചിരുന്നത്.
പാർട്ടി കൂടി തള്ളിപ്പറഞ്ഞതിനു പിന്നാലെ പരസ്യപ്രസ്താവന നിർത്തിയെന്ന് കഴിഞ്ഞദിവസം അൻവർ പറഞ്ഞിരുന്നെങ്കിലും മുഖ്യമന്ത്രി തന്നെ ചതിച്ചെന്നും വഞ്ചിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് ഇന്ന് അൻവർ വീണ്ടും മാധ്യമങ്ങൾക്കു മുന്നിലെത്തിയത്. ശക്തമായ വിമർശനങ്ങളിലൂടെ മുഖ്യമന്ത്രിയെ കടന്നാക്രമിച്ച അൻവർ, അദ്ദേഹമെന്ന സൂര്യൻ കെട്ടുപോയെന്നും ജനങ്ങൾ വെറുക്കുന്ന ആളായി മാറിയെന്നും പറഞ്ഞു.