
കോഴിക്കോട്: എൽഡിഎഫ് സ്ഥാനാർത്ഥി എന്ന നിലയിൽ യുഡിഎഫും അവരുടെ സ്ഥാനാർത്ഥിയും മീഡിയ വിഭാഗവും തന്നെ തേജോവധം ചെയ്യുകയാണെന്ന് കെകെ ശൈലജ ടീച്ചർ. വ്യാജ വീഡിയോ ക്ലിപ്പുകൾ ഉണ്ടാക്കാൻ യുഡിഎഫിന്റെ പ്രത്യേക വിഭാഗം തന്നെ പ്രവർത്തിക്കുകയാണെന്നും ശൈലജ ആരോപിച്ചു. വാർത്താസമ്മേളനത്തിലാണ് എതിർ സ്ഥാനാർത്ഥി ഷാഫി പറമ്പിലിനും യുഡിഎഫിനുമെതിരെ കെകെ ശൈലജ ഗുരുതര ആരോപണം ഉന്നയിച്ചത്.
‘എന്റെ വടകര KL 11’ എന്ന ഇൻസ്റ്റ പേജിലൂടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുകയാണ്. പാനൂർ സ്ഫോടനം പ്രതി അമൽ കൃഷ്ണയുടെ കൂടെ നിൽക്കുന്ന വ്യാജ ചിത്രം നിർമ്മിച്ച് പ്രചരിപ്പിച്ചു. അത് നൗഫൽ കൊട്ടിയത്ത് എന്ന കുട്ടിയുടെ ചിത്രമാണെന്നും കെകെ ശൈലജ പറഞ്ഞു. തന്റെ അഭിമുഖങ്ങളിൽ നിന്ന് അടർത്തി മാറ്റി വ്യാജ വാർത്ത പ്രചരിപ്പിക്കുന്നു.
കാന്തപുരത്തിന്റെ ലെറ്റർ പാഡ് ഉപയോഗിച്ച് തനിക്കെതിരെ അപവാദ പ്രചാരണം നടത്തി. ലെറ്റർ പാഡിൽ ഇത് ടീച്ചറമ്മയല്ല ബോംബ് അമ്മ എന്ന പേരിലാണ് ഇത് പ്രചരിപ്പിച്ചത്. യുഡിഎഫ് വ്യാപകമായി വ്യാജ വാർത്ത പ്രചരിപ്പിക്കുകയാണെന്നും കെകെ ശൈലജ പറഞ്ഞു.
എതിർ സ്ഥാനാർത്ഥി ഇതൊന്നും അറിയില്ലെന്നാണ് പറയുന്നത് ശരിയല്ല. അദ്ദേഹത്തിന്റെ അറിവോടെ തന്നെയാണ് ദുഷ് പ്രചാരണം നടത്തുന്നത്. മകൾ മരിച്ച തന്റെ നാട്ടിലെ മമ്മൂട്ടിയെന്ന വ്യക്തിയെ പ്രകോപിപ്പിച്ച് തനിക്കെതിരെ അഭിമുഖം എടുത്ത് പ്രചരിപ്പിച്ചു. തൊഴിലുറപ്പ് സ്ത്രീകൾക്ക് അനുകൂലമായി പറഞ്ഞതും തെറ്റായി പ്രചരിപ്പിച്ചു.
താൻ പല പ്രമുഖർക്ക് എതിരെയും മത്സരിച്ചിട്ടുണ്ട്. മുൻ അനുഭവങ്ങൾ ഇങ്ങിനെയായിരുന്നില്ല. എവിടുന്നോ കൊണ്ട് വന്ന സംഘമാണ് ഇതിന് പിന്നിൽ. ഇങ്ങിനെ പ്രവർത്തിച്ച് ജയിക്കാമെന്ന വ്യാമോഹം വേണ്ട. ജനം ഇതെല്ലാം മനസിലാക്കുമെന്നും ടീച്ചർ പറഞ്ഞു.
KK Shailaja serious allegation against UDF