ഫിൽ സോൾട്ട് വെടിക്കെട്ടിന് മുന്നിൽ നിഷ്പ്രഭരായി ലഖ്നൗ, കൊൽക്കത്തക്ക് നാലാം ജയം; പോയിന്‍റ് ടേബിളിലും കുതിച്ചുചാട്ടം

കൊൽക്കത്ത: ഐ പി എല്ലിൽ ഈ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് നാലാം ജയം. ഇന്നത്തെ ആദ്യ മത്സരത്തിൽ എട്ട് വിക്കറ്റിന് ലക്നൗവിനെ മലർത്തിയടിച്ചാണ് കൊൽക്കത്ത സീസണിലെ നാലം വിജയം ആഘോഷിച്ചത്. ലക്നൗ ഉയർത്തിയ 161 റൺസ് വിജയലക്ഷ്യം കൊൽക്കത്ത 2 വിക്കറ്റ് നഷ്ടത്തിൽ 26 പന്ത് ശേഷിക്കേ മറികടന്നു. അഞ്ച് മത്സരങ്ങളിൽ നാലും ജയിച്ച കൊൽക്കത്ത ഇതോടെ 8 പോയിന്‍റുമായി രണ്ടാം സ്ഥാനത്തേക്ക് ഉയർന്നിട്ടുണ്ട്.

ഓൾറൗണ്ട് മികവ് പുറത്തെടുത്താണ് കൊൽക്കത്ത ലക്നൗവിനെതിരെ ഐ പി എല്ലിൽ ആദ്യജയം സ്വന്തമാക്കിയത്. മോഹൻ ബഗാൻ ജഴ്സിയിൽ കളത്തിലിറങ്ങിയ ലഖ്നൗ സൂപ്പർ ജയന്‍റ്സിന്‍റെ 161 റൺസ് മറികടക്കാൻ നൈറ്റ് റൈഡേഴ്സിന് പതിനാറ് ഓവർ പോലും വേണ്ടിവന്നില്ല. തകർത്തടിച്ച ഓപ്പണർ ഫിൽ സോൾട്ടാണ് അനായസ ജയമൊരുക്കിയത്. 47 പന്തിൽ 14 ഫോറും മൂന്ന് സിക്സും ഉൾപ്പടെ 89 റൺസ് നേടിയ സോൾട്ട് അപരാജിതനായാണ് കളം വിട്ടത്. സുനിൽ നരൈനും ആംക്രിഷ് രഘുവംശിയും രണ്ടക്കം കാണാതെ മടങ്ങിയെങ്കിലും സോൾട്ടിന് ക്യാപ്റ്റൻ ശ്രേയസ് അയ്യർ (38 നോട്ടൗട്ട്) ഉറച്ച പിന്തുണ നൽകിയതോടെയാണ് ജയം അനായാസമായത്.

നേരത്തെ ശ്രേയസ് അയ്യർ പന്തേൽപിച്ചവരെല്ലാം കൃത്യതയോടെ പന്തെറിഞ്ഞപ്പോൾ ലക്നൗ സ്കോർ ബോർഡിന്‍റെ വേഗം നന്നേ കുറവായിരുന്നു. ഡി കോക്ക് പത്തിനും ക്യാപ്റ്റൻ രാഹുൽ 39 നും ദീപക് ഹൂഡ എട്ടിനും വീണു. 32 പന്തിൽ 45 റൺസെടുത്ത നിക്കോളാസ് പുരാന്‍റെ പോരാട്ടമാണ് സൂപ്പർ ജയന്‍റ്സിനെ 150 കടത്തിയത്. 3 വിക്കറ്റ് നേടിയ മിച്ചൽ സ്റ്റാർക്കാണ് കൊൽക്കത്ത ബൗളർമാരിൽ ഏറ്റവും തിളങ്ങിയത്.

KKR vs LSG Highlights IPL 2024: Kolkata Knight Riders beat Lucknow Super Giants