”കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ എലത്തൂരിലെ തീവയ്പ്പ് എഡിജിപി എം.ആര്‍.അജിത്കുമാര്‍ സൃഷ്ടിച്ചത്” ഗുരുതര ആരോപണവുമായി കെ.എം ഷാജി

തിരുവനന്തപുരം: എലത്തൂരിലെ തീവയ്പ്പുമായി ബന്ധപ്പെട്ട് എഡിജിപി എം.ആര്‍.അജിത്കുമാറിനെ പ്രതിക്കൂട്ടിലാക്കുന്ന ഗുരുതര ആരോപണവുമായി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ എഡിജിപി എം.ആര്‍.അജിത്കുമാര്‍ സൃഷ്ടിച്ച സംഭവമാണ് എലത്തൂരിലെ തീവയ്‌പ്പെന്ന് കെ.എം ഷാജി ആരോപിക്കുന്നു.

എലത്തൂരിലെ ട്രെയിനില്‍ ഒരാള്‍ നടത്തിയ സംഭവമെന്നത് അജിത്കുമാറിന്റെ സൃഷ്ടിയാണെന്നും അദ്ദേഹം ആരോപിച്ചു. തീവയ്പ്പ് സംഭവത്തിന് ശേഷം കണ്ണൂരില്‍ ഈ പ്രതി ഇരിക്കുമ്പോള്‍ പൊള്ളലേറ്റിരുന്നില്ലെന്നും ആ വീഡിയോ ദൃശ്യം എഡിജിപി ഇടപെട്ട് മായ്ച്ചു കളഞ്ഞുവെന്നും ഷാജി കുറ്റപ്പെടുത്തി.

മാത്രമല്ല, കേരളം ഭരിക്കുന്നത് സംഘപരിവാര്‍ പശ്ചാത്തലമുള്ള പിആര്‍ ഗ്രൂപ്പാണെന്നും അതിനെ നയിക്കുന്നത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആണെന്നും ആരോപിച്ച ഷാജി തൃശൂരിനെ സുരേഷ് ഗോപി എടുത്തതല്ലെന്നും പിണറായി വെള്ളിത്തളികയില്‍ കൊടുത്തതാണെന്നും മാധ്യമങ്ങളോട് പറഞ്ഞു.

പിണറായി, മകള്‍ വീണ, ഇ.പി ജയരാജന്‍ എന്നിവരെല്ലാം കോടികളാണ് സമ്പാദിച്ചതെന്നും മുഹമ്മദ് റിയാസും കോഴിക്കോട് നഗരത്തില്‍ അനധികൃതമായി ഉണ്ടാക്കുന്ന കെട്ടിടങ്ങളുടെയെല്ലാം പങ്കു പറ്റുന്നുണ്ടെന്നും ഷാജി വ്യക്തമാക്കി. അധോലോക മാഫിയ തലവനായി മാറിയ പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്നും ഷാജി ആവശ്യപ്പെട്ടു