
മലപ്പുറം: ആർ എം പി നേതാവ് ടി പി ചന്ദ്രശേഖരൻ കൊലക്കേസിലെ പ്രതി പി കെ കുഞ്ഞനന്തന്‍റെ മരണത്തിൽ ദുരൂഹത ആരോപിച്ച് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി രംഗത്ത്. ടി പി കൊലക്കേസിലെ പ്രതിയായ കുഞ്ഞനന്തനെയും കൊലപ്പെടുത്തിയതാണെന്നാണ് ഷാജിയുടെ ആരോപണം. അന്വേഷണം സി പി എം നേതാക്കളിലേക്ക് എത്താതിരിക്കാനായി ആസൂത്രിതമായാണ് കുഞ്ഞനന്തനെ കൊലപ്പെടുത്തിയതെന്നും ഷാജി അഭിപ്രായപ്പെട്ടു.
സി പി എം നേതാക്കളിലേക്ക് അന്വേഷണം എത്താൻ സാധ്യതയുള്ള ഏക കണ്ണി കുഞ്ഞനന്തനായിരുന്നു. കുഞ്ഞനന്തൻ മരണപ്പെട്ടത് ജയിലിൽ നിന്നേറ്റ ഭക്ഷ്യ വിഷബാധയെ തുടർന്നാണ്. കൃത്യമായി ആസുത്രണം ചെയ്തതാണ് കുഞ്ഞനനന്തനെ കൊലപ്പെടുത്തിയതെന്നും ഷാജി അഭിപ്രായപ്പെട്ടു. കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവർ കൊല്ലപ്പെട്ടിട്ടുണ്ടന്നും കെഎം ഷാജി പറഞ്ഞു. മലപ്പുറം കൊണ്ടോട്ടി മുസ്‌ലീം ലീഗ് മുനിസിപ്പൽ സമ്മേളന വേദിയിലായിരുന്നു കെ എം ഷാജിയുടെ വിവാദ പ്രസംഗം.
കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഷാജി പറഞ്ഞു. അവർ കൊന്ന് കഴിഞ്ഞ് വരും. രഹസ്യം ചോരുമോ എന്ന ഭയം വരുമ്പോൾ കൊന്നവരെ കൊല്ലുന്നതാണ് അവരുടെ ശൈലിയെന്നും ഷാജി പറഞ്ഞു. ഫസലിനെ കൊന്ന മൂന്നുപേർ മൃഗീയമായി കൊല്ലപ്പെട്ടിട്ടുണ്ട്. ഈ മൂന്നുപേരെയും കൊന്നത് സി പി എമ്മാണെന്നും ഷാജി ആരോപിച്ചു. ശുക്കൂർ വധക്കേസിലെ പ്രധാന പ്രതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിട്ടുണ്ടെന്നും ഷാജി ചൂണ്ടികാട്ടി.
km shaji raises allegations against cpm on pk kunjananthan death tp case