ക്നാനായ സംഗമം: കുര്യാക്കോസ് മാർ സേവേറിയോസ് ഉദ്ഘാടനം ചെയ്യും

ഡാലസ്: അടുത്ത മാസം 18, 19, 20, 21 തീയതികളിൽ ഡാലസ് ഫ്രിസ്കോയിലെ എംബസി സൂട്ട്സിൽ നടക്കുന്ന ക്നാനായ സംഗമത്തിന്‍റെ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക്. ഈ മാസം 10ന് പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള റജിസ്ട്രേഷൻ അവസാനിച്ചിരുന്നു. പ്രസ്തുത സംഗമത്തിൽ ക്നാനായ സമുദായത്തിന്‍റെ വലിയ മെത്രാപ്പൊലീത്ത ആർച്ച് ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസ് മെത്രാപ്പൊലീത്ത മുഖ്യാതിഥി ആയിരിക്കും.

സമുദായ സെക്രട്ടറി ടി.ഒ ഏബ്രഹാം തോട്ടത്തിൽ, ക്നാനായ കമ്മറ്റി അംഗങ്ങളായ റ്റിജു ഏബ്രഹാം തോട്ടപുറത്ത്, സാബു കണ്ണാട്ടിപ്പുഴ,തോമസുകുട്ടി തേവരുമുറിയിൽ എന്നിവർ പങ്കെടുക്കും. പ്രസ്തുത സമ്മേളനത്തിനോടനുബന്ധിച്ച് നോർത്ത് അമേരിക്കയിലെ എല്ലാ ക്നാനായ പള്ളികളുടെയും ആഭിമുഖ്യത്തിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെയുള്ള വർണ്ണശബളമാർന്ന ഘോഷയാത്ര ഉണ്ടായിരിക്കുന്നതാണ്. ചെണ്ടമേളം, പുരാതനപ്പാട്ട് ആരാധന ഗീതം, പരിശമുട്ട്, മിസ്റ്റർ & മിസ്സ് ക്നാനായ, ക്നാനായ മങ്ക & മന്നൻ, ക്നാനായ പ്രിൻസ് & പ്രിൻസസ്, ഡാൻസ്, സ്കിറ്റ്സ്, സോക്കർ, ബാസ്കറ്റ് ബോൾ, വോളി ബോൾ, ബാറ്റ്മിന്‍റ‍ൺ, വടംവലി എന്നിങ്ങനെ നിരവധി മത്സരങ്ങളും സംഘടിപ്പിക്കും.

തുടർന്ന് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെയും 75 വയസ്സിന് മുകളിൽ‌ പ്രായമുള്ളവരെയും വിവാഹം കഴിഞ്ഞിട്ട് 50 വർഷത്തിൽ കൂടുതലായവരെയും ആദരിക്കും. 21–ാം തീയതി ഞായറാഴ്ച രാവിലെ വിശുദ്ധ കുർബ്ബാനയെത്തുടർന്ന് നടക്കുന്ന സമാപന സമ്മേളനത്തോടെ സംഗമം പര്യവസാനിയ്ക്കുന്നതായിരിക്കുമെന്ന് പബ്ലിസിറ്റി കമ്മറ്റിയ്ക്കുവേണ്ടി ബാലു മാലത്തുശേരി അറിയിച്ചു..

More Stories from this section

family-dental
witywide