കൊച്ചിയിൽ നവജാത ശിശുവിനെ കൊന്നത് 23കാരിയായ അമ്മ; യുവതി ബലാത്സംഗത്തിന് ഇരയായതായി സംശയം

കൊച്ചി: എറണാകുളത്ത് നവജാത ശിശുവിനെ കൊന്നത് 23കാരി അമ്മയെന്ന് പൊലീസ്. പ്രസവിച്ചശേഷം കുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു എന്ന് അമ്മ കുറ്റസമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു. കുഞ്ഞ് ജനിച്ച് മണിക്കൂറുകൾക്കുള്ളിൽ റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു. കൊലപാതകമാണോയെന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം മാത്രമേ പറയാനാകൂ. പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായി സംശയിക്കുന്നതായും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എസ്.ശ്യാംസുന്ദർ പറഞ്ഞു.

യുവതി ഗര്‍ഭണിയായിരുന്നുവെന്ന കാര്യവും പ്രസവിച്ച കാര്യവും രക്ഷിതാക്കള്‍ക്ക് അറിയില്ലായിരുന്നുവെന്നും കമ്മീഷണര്‍ ചൂണ്ടിക്കാട്ടി. ജനിച്ചപ്പോള്‍ തന്നെ കുഞ്ഞ് മരിച്ചിരുന്നോ പുറത്തേക്കെറിഞ്ഞപ്പോള്‍ കുഞ്ഞ് മരിച്ചതാണോ തുടങ്ങിയ കാര്യങ്ങൾ കൂടുതല്‍ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാവുകയുള്ളൂവെന്നും പോലീസ് പറഞ്ഞു.

ഇന്നു പുലർച്ചെ കൊച്ചിയിലെ ഫ്ലാറ്റിലെ ശുചിമുറിയിലാണ് പ്രസവം നടന്നതെന്നാണ് പെൺകുട്ടി പൊലീസ് നൽകിയിരിക്കുന്ന മൊഴി. മൂന്നു മണിക്കൂറിനുശേഷമാണ് കുഞ്ഞിനെ ഫ്ലാറ്റിൽനിന്നും റോഡിലേക്ക് എറിഞ്ഞതെന്നും പെട്ടെന്നുണ്ടായ പരിഭ്രാന്തിയിലാണ് ഇങ്ങനെ ചെയ്തതെന്നും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്.