കൊച്ചി: കൊച്ചിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ കേസിൽ പ്രതിയായ യുവതി വെളിപ്പെടുത്തിയ യുവാവിനെ കുറിച്ച് കൂടുതൽ അന്വേഷണവുമായി പൊലീസ്. യുവതിയെ കസ്റ്റഡിയിലെടുത്ത ശേഷമായിരിക്കും അന്വേഷണം വ്യാപിപ്പിക്കുക. നിലവില്‍ കൊലക്കുറ്റത്തിന് യുവതിക്കെതിരെ മാത്രമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഡോക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം മാത്രമെ യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയുള്ളുവെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.
തൃശൂരിലെ യുവാവിനെക്കുറിച്ച് യുവതി മൊഴി നൽകിയിരുന്നു. തന്നെ ഇയാൾ പീഡിപ്പിച്ചെന്നായിരുന്നു മൊഴി. കുഞ്ഞിനെ എങ്ങനെ കൊലപ്പെടുത്തണമെന്ന് ഇന്‍റര്‍നെറ്റില്‍ തിരഞ്ഞിരുന്നുവെന്നും നേരത്തെയും അബോര്‍ഷന് ശ്രമിച്ചിരുന്നുവെന്നും യുവതി മൊഴി നൽകി. എന്നാല്‍, യുവാവിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ മൊഴിയില്‍ ഇല്ല.
യുവതിയുടെ മൊഴി എതിരാണെങ്കിൽ മാത്രം ആൺ സുഹൃത്തിനെതിരെ കേസെടുക്കാനാണ് നിലവിൽ അന്വേഷണസംഘം ഉദ്ദേശിക്കുന്നത്. സംഭവത്തിൽ കേസെടുത്ത ബാലാവകാശ കമ്മീഷൻ ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത് പൊലീസ് ഇന്ന് കോടതിയെ അറിയിക്കും. ഇന്ന് ഉച്ചയോടെ യുവതിയെ റിമാന്‍ഡ് ചെയ്തേക്കും.
Kochi infant murder case: Police start detailed inquiry about Woman’s boy friend