കൊൽക്കത്ത ബലാത്സംഗക്കേസ്: ആർജി കറിലെ പ്രിൻസിപ്പളിനെ പിരിച്ചുവിട്ടു, സന്ദീപ് ഘോഷിനെ പുതിയ കോളജിൽ നിന്ന് പുറത്താക്കി

കൊല്‍ക്കത്ത: കൊല്‍ക്കത്ത ആര്‍ജി കര്‍ ആശുപത്രിയിലെ ട്രെയിനി ഡോക്ടർ ബലാത്സംഗത്തിനിരയായ കൊല്ലപ്പെട്ട സംഭവത്തിൽ പുതിയ നടപടികൾ. മെഡിക്കൽ കോളജിലെ പുതിയ പ്രിന്‍സിപ്പാളടക്കം മൂന്ന് പേരെ പശ്ചിമ ബംഗാൾ സർക്കാർ പിരിച്ചുവിട്ടു. യുവ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നടന്ന പ്രതിഷേധങ്ങള്‍ക്കിടയില്‍ ഒരു കൂട്ടം ആളുകള്‍ ഈ മാസം 15ന് ആശുപത്രി തകര്‍ത്തപ്പോള്‍ അഡ്മിനിസ്‌ട്രേറ്റീവ് ചുമതലയിലുണ്ടായിരുന്ന ആളുകള്‍ക്കെതിരെ നടപടി വേണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യത്തെത്തുടര്‍ന്നാണ് നടപടി. ജോലിയില്‍ പ്രവേശിച്ച് പത്ത് ദിവസത്തിനകമാണ് പ്രിന്‍സിപ്പാള്‍ ഡോ. സുഹൃത പോളിനെ പിരിച്ചുവിട്ടിരിക്കുന്നത്.

സുഹൃതയ്ക്ക് പുറമേ വൈസ് പ്രിന്‍സിപ്പാളും ഹോസ്പിറ്റല്‍ സൂപ്രണ്ടുമായ ബുള്‍ബുള്‍ മുഖോപാധ്യായെയും ഹൃദ്രോഗ വകുപ്പ് മേധാവി അരുണാഭ ദത്ത ചൗധരിയെയും പിരിച്ചുവിട്ടു. മുന്‍ പ്രിന്‍സിപ്പള്‍ ഡോ. സന്ദീപ് ഘോഷ് രാജിവെച്ചതിനെ തുടര്‍ന്ന് 12ാം തീയതിയാണ് സുഹൃത ചുമതലയേല്‍ക്കുന്നത്.

വിദ്യാര്‍ത്ഥികളും റെസിഡന്റ് ഡോക്ടര്‍മാരും കഴിഞ്ഞ ദിവസം സ്വാസ്ത്യ ഭവനിലേക്ക് പ്രതിഷേധറാലി നടത്തിയിരുന്നു. തുടര്‍ന്ന് ആരോഗ്യവകുപ്പുമായി നടത്തിയ ചര്‍ച്ചയില്‍ പ്രിന്‍സിപ്പാള്‍, വൈസ് പ്രിന്‍സിപ്പാള്‍ തുടങ്ങി ആശുപത്രി അടിച്ചു തകര്‍ത്ത സമയത്തുണ്ടായിരുന്ന അധികാരികളെ പിരിച്ചുവിടണമെന്ന് സമരക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനു പിന്നാലെയാണ് സുഹൃതയടക്കമുള്ളവരെ പിരിച്ചുവിട്ടുകൊണ്ട് ബംഗാള്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

ആര്‍ജി കര്‍ ആശുപത്രിയില്‍ പുതിയ പ്രിന്‍സിപ്പാളായി മനാസ് ബന്ദോപാദ്യായ് ചുമതലയേല്‍ക്കും. നേരത്തെ ബരാസത്ത് മെഡിക്കല്‍ ആശുപത്രിയിലെ പ്രിന്‍സിപ്പാളായിരുന്നു മനാസ്. ബുള്‍ബുള്‍ മുഖോപാധ്യായിക്ക് പകരം സപ്തര്‍ഷി ചാറ്റര്‍ജി ചുമതലയേല്‍ക്കുമെന്നും കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവില്‍ സൂചിപ്പിക്കുന്നു.

More Stories from this section

family-dental
witywide