
ന്യൂഡല്‍ഹി: കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ബലാത്സംഗം ചെയ്ത് കൊലചെയ്യപ്പെട്ട ട്രെയിനി ഡോക്ടറുടെ പേരും ഫോട്ടോകളും വീഡിയോകളും അടക്കമുള്ള എല്ലാ വിവരങ്ങളും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്നും നീക്കം ചെയ്യാന്‍ സുപ്രീം കോടതി ഉത്തരവിട്ടു.
ലൈംഗികാതിക്രമത്തിന് ഇരയായ വ്യക്തിയുടെ വിവരങ്ങള്‍ വെളിപ്പെടുത്തുന്നത്, നിപുണ്‍ സക്സേന കേസില്‍ വന്നസുപ്രീം കോടതി ഉത്തരവിന്റെ ലംഘനമാണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി.
യുവ ഡോക്ടറുടെ മൃതദേഹം കണ്ടെടുത്തതിന് ശേഷം വ്യക്തിവിവരങ്ങളും മൃതദേഹത്തിന്റെ ഫോട്ടോകളും സോഷ്യല്‍ മീഡിയയും ഇലക്ട്രോണിക് മാധ്യമങ്ങളും പ്രസിദ്ധീകരിച്ചിരുന്നുവെന്നും അതിനാല്‍ നിരോധന ഉത്തരവ് പുറപ്പെടുവിക്കാന്‍ നിര്‍ബന്ധിതമാക്കപ്പെട്ടുവെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇരയായ യുവ ഡോക്ടറുടെ വ്യക്തിവിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വെളിപ്പെടുത്തിയതിനെതിരെ അഭിഭാഷകന്‍ കിന്നോരി ഘോഷ് ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ ഇടപെടല്‍.