
തൃശൂർ: യൂറിൻ തെറാപ്പിയെക്കുറിച്ച് വർണിച്ച് നടൻ കൊല്ലം തുളസി രംഗത്ത്. എന്ത് അസുഖമുണ്ടായാലും മൂത്രം കുടിച്ചാൽ മാറുമെന്നാണ് നടൻ അഭിപ്രായപ്പെട്ടത്. ക്യാൻസർ പിടിപ്പെട്ടപ്പോഴുള്ള സ്വന്തം അനുഭവം വിവരിച്ചുകൊണ്ടാണ് കൊല്ലം തുളസി ഇക്കാര്യങ്ങൾ പറഞ്ഞത്. മൂത്രം പരിപാവനവും പരിശുദ്ധവുമാണെന്നും യൂറിൻ തെറാപ്പി സംസ്ഥാന സമ്മേളനം തൃശൂരിൽ ഉദ്‌ഘാടനം ചെയ്‌ത് പ്രസംഗിക്കവെ നടൻ അഭിപ്രായപ്പെട്ടു.
‘എല്ലാ വൈദ്യശാസ്‌ത്രവും പരാജയപ്പെടുമ്പോഴാണ് നമ്മൾ മറ്റുവഴികൾ നോക്കുന്ന മാനസികാവസ്ഥ ഉണ്ടാകുന്നത്. എനിക്കും ഉണ്ടായിട്ടുണ്ട്. എനിക്ക് ക്യാൻസർ പിടിപെട്ടപ്പോൾ അതിനെ അതിജീവിക്കാൻ പലവഴികളും തേടി. അക്കൂട്ടത്തിലാണ് യൂറിൻ തെറാപ്പിയെപ്പറ്റിയറിഞ്ഞത്. അതിലൂടെ ഞാൻ രോഗത്തെ അതിജീവിച്ചു. വരുന്ന 28-ാം തീയതി എനിക്ക് 75 വയസാകും. ഇനിയും ഒരു 25 വർഷം കൂടി ജീവിക്കണമെന്നാണ് ആഗ്രഹം’ – ഇങ്ങനെയായിരുന്നു കൊല്ലം തുളസി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞത്.
‘മൂത്രം പരിശുദ്ധമാണ് പരിപാവനമാണ്. ആശുപത്രിയിൽ കയറിയിറങ്ങേണ്ടതില്ല. സകലവിധ അസുഖങ്ങൾക്കും മൂത്രം കുടിക്കാം. ഇപ്പോഴേ കുടിച്ച് തുടങ്ങിക്കോ’- എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ കൂട്ടിന് രക്ഷകനായി മൂത്രമുള്ളിടത്തോളം കാലം താൻ നിൽക്കുമെന്ന് ഉറപ്പാണെന്നും കൊല്ലം തുളസി അഭിപ്രായപ്പെട്ടു.















