വിശാഖപ്പട്ടണത്ത് കൊൽക്കത്തയുടെ നരനായാട്ട്, ആഞ്ഞടിച്ച് നരെയ്നും കൂട്ടരും, റെക്കോർഡ് സ്കോർ

വിശാഖപട്ടണം: ഐപിഎല്ലിൽ ഡൽഹി കാപിറ്റൽസിനെതിരെ പടുകൂറ്റൻ സ്കോർ പടുത്തുയർത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത 273 റൺസിൻ്റെ വിജയലക്ഷ്യം മുന്നോട്ടുവെച്ചു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കൊൽക്കത്ത നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് സ്കോറുയർത്തിയത്. സുനിൽ നരെയ്ൻ (39 പന്തിൽ 85), ആംഗ്കൃഷ് രഘുവൻഷി (27 പന്തിൽ 54), ആന്ദ്രേ റസ്സൽ (19 പന്തിൽ 41 ), റിങ്കു സിംഗ് (8 പന്തിൽ 26) എന്നിവരാണ് കൊൽക്കത്തയെ കൂറ്റൻ സ്കോറിലേക്ക് നയിച്ചത്. ആൻറിച്ച് നോർജെ ഡൽഹിക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി.

ഒന്നാം വിക്കറ്റിൽ ഫിൽ സാൾട്ട് (12 പന്തിൽ 18) – നരെയ്ൻ സഖ്യം 60 റൺസ് ചേർത്തു. മൂന്നാമതെത്തിയ രഘുവൻഷി, നരെയ്നൊപ്പം ചേർന്ന് സ്കോറുയർത്തി. ഇരുവരും 104 റൺ കൂട്ടിചേർത്തു. 13-ാം ഓവറിൽ നരെയ്ൻ മടങ്ങി. ഏഴ് വീതം ഫോറും സിക്സും അടങ്ങുന്നതായിരുന്നു നരെയ്ൻ്റെ ഇന്നിംഗ്സ്. വൈകാതെ രഘുവൻഷിയും പവലിയനിൽ തിരിച്ചെത്തി.

തുടർന്നെത്തിയ റിങ്കു ആക്രമിച്ച് കളിച്ചതോടെ കൊൽക്കത്ത റെക്കോർഡ് സ്കോർ പടുത്തുയർത്തി. റിങ്കുവും റസ്സലും അവസാന ഓവറുകളിൽ വീണു. വെങ്കടേഷ് അയ്യർ (5), മിച്ചൽ സ്റ്റാർക്ക് (1) പുറത്താവാതെ നിന്നു. രമൺദീപ് സിംഗാണ് (2) പുറത്തായ മറ്റൊരു താരം.

Kollkata set 273 against delhi capitals in IPL 2024