
കൊച്ചി: നേര്യമംഗലം കാഞ്ഞിരവേലില്‍ കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടതില്‍ കോതമംഗലം ടൗണില്‍ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ മാത്യു കുഴല്‍ നാടന്‍ എംഎല്‍എയും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും ഇന്ന് കോടതിയില്‍ ഹാജരാകും.
കോതമംഗലം കോടതിയിലാണ് ഇരുവരും ഹാജരാവുക. ഇടക്കാല ജാമ്യം നല്‍കിയ കോടതി, കേസില്‍ ഇന്ന് അന്തിമ ഉത്തരവിറക്കും. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും എഫ്‌ഐആറിലും റിമാന്‍ഡ് റിപ്പോര്‍ട്ടിലുമെല്ലാം വൈരുധ്യമുണ്ടെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം.
ആശുപത്രിയില്‍ ആക്രമണം നടത്തല്‍, മൃതദേഹത്തോട് അനാദരവ് അടക്കം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കേസില്‍ മാത്യു കുഴല്‍നാടനാണ് ഒന്നാംപ്രതി. ഡീന്‍ കുര്യാക്കോസ് എംപി, ഷിബു തെക്കുംപുറം എന്നിവരെയും പ്രതിചേര്‍ത്തിട്ടുണ്ട്.