കോട്ടയത്തെ ബൂത്തിൽ വോട്ട് ചെയ്തത് 715 പേർ, ആ‍ർക്കും തർക്കമില്ല, പക്ഷേ വോട്ടിംഗ് മെഷിനിൽ 719 വോട്ട്; പരാതി നൽകി

കോട്ടയം: കോട്ടയത്തെ കടനാട് രേഖപ്പെടുത്തിയതിനേക്കാള്‍ കൂടുതല്‍ വോട്ട് വോട്ടിംങ് യന്ത്രത്തില്‍ കാണിച്ചതായി പരാതി. ഇവിടുത്തെ 25 -ാം നമ്പര്‍ ബൂത്തിലാണ് രേഖപ്പെടുത്തിയതിനേക്കാള്‍ കൂടുതല്‍ വോട്ട് വോട്ടിംങ് യന്ത്രത്തില്‍ കാണിച്ചതായി പരാതി ഉയർന്നിരിക്കുന്നത്. കടനാട് പഞ്ചായത്തിലെ 25 -ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയത് 715 പേരാണ്. എന്നാൽ വോട്ടിംഗ് മെഷീനിൽ മൊത്തം വോട്ട് ചെയ്തവരുടെ എണ്ണം 719 എന്നാണ് കാണിച്ചത്. ഇതാണ് പരാതിക്ക് അടിസ്ഥാനമായത്.

ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട ഉടനെ തന്നെ എല്‍ ഡി എഫ് – യു ഡി എഫ് ബൂത്ത് ഏജന്‍റുമാർ പ്രിസൈഡിങ് ഓഫീസര്‍ക്ക് പരാതി നല്‍കി. വോട്ടിംങ് മെഷീനില്‍ കൃത്രിമം നടന്നെന്നാണ് ഇരുകൂട്ടരുടെയും പരാതിയിൽ പറയുന്നത്. പരാതി ജില്ലാ കളക്ടർക്ക് കൈമാറാമെന്ന് പ്രിസൈഡിങ് ഓഫീസർ ബൂത്ത് ഏജന്‍റുമാരെ അറിയിച്ചിട്ടുണ്ട്.

kottayam kadanad voting machine complaints