
കോഴിക്കോട്: കഴിഞ്ഞ ദിവസങ്ങളിൽ യാത്രക്കാരെ വലച്ച ക്യാബിൻ ക്രൂ സമരം പിൻവലിച്ചിട്ടും എയർ ഇന്ത്യ എക്‌സ്‌പ്രസ് സർവീസുകൾ സാധാരണ നിലയിലായില്ല. ഇന്ന് രാവിലെ 10.10 ന് പോകേണ്ട കോഴിക്കോട് – ബഹ്‌റൈൻ വിമാനം വൈകിയത് എട്ട് മണിക്കൂറിലധികമാണ്. ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോഴും വിമാനം ഇതുവരെയും പുറപ്പെട്ടിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. സാങ്കേതിക തകരാറാണെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. വിമാനം അധികം വൈകാതെ പുറപ്പെടുമെന്നാണ് അവസാനം വന്ന അറിയിപ്പ്.
മണിക്കൂറുകളായി കാത്തിരുന്നു മടുത്ത യാത്രക്കാർ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. പണിമുടക്കിയ ജീവനക്കാർ തിരിച്ചെത്തുന്ന മുറയ്ക്ക് സർവീസുകൾ ആരംഭിക്കുമെന്ന് അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സർവീസുകൾ പഴയ നിലയിലാകാൻ രണ്ടു ദിവസം കൂടിയെടുത്തേക്കും. ഇന്നലെയും ചില സർവീസുകൾ റദ്ദാക്കിയിരുന്നു.
kozhikode bahrain air india express flight delay















