വിരലിന് പകരം നാവിലെ ശസ്ത്രക്രിയ: ‘എന്‍റെ പിഴവ്’, കുറ്റം ഏറ്റുപറഞ്ഞ് ഡ‍ോക്ടർ; സൂപ്രണ്ടിന് കുറിപ്പ് നൽകി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സാ പിഴവിൽ കുറ്റം ഏറ്റെടുത്ത് ഡോക്ടർ. നാല് വയസുകാരിയുടെ വിരലിന് വേണ്ട ശസ്ത്രക്രിയ മാറി നാവിൽ ചെയ്തത് തന്‍റെ ഭാഗത്ത് നിന്നുണ്ടായ പിഴവുകൊണ്ടാണെന്ന് സമ്മതിച്ചുകൊണ്ട് ഡോക്ടർ മെഡിക്കൽ കോളേജ് സൂപ്രണ്ടിന് കുറിപ്പ് നൽകി. ശസ്ത്രക്രിയ കുടുംബത്തിന്‍റെ അനുമതിയോടെയല്ല എന്നും ഡോക്ടർ രേഖയിൽ എഴുതിയിട്ടുണ്ട്. ശസ്ത്രക്രിയ കൊണ്ട് കുട്ടിക്ക് ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാവില്ലെന്നും ഡോക്ടർ സൂപ്രണ്ടിന് നൽകിയ കുറിപ്പിൽ വിശദീകരിച്ചിട്ടുണ്ട്.

നേരത്തെ ശസ്ത്രക്രിയ മാറിയെന്ന കുടുംബത്തിന്‍റെ പരാതിയിൽ ആരോഗ്യമന്ത്രി വീണ ജോർജ് അന്വഷണം പ്രഖ്യാപിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ നാല് വയസുകാരിയ്ക്ക് ശസ്ത്രക്രിയാ പിഴവ് സംഭവിച്ചെന്ന പരാതിയിൽ അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മന്ത്രി, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്.

കോഴിക്കോട് ചെറുവണ്ണൂർ മധുര ബസാർ സ്വദേശിയുടെ നാല് വയസുള്ള മകൾക്കാണ് ദുരനുഭവം ഉണ്ടായത്. കൈക്ക് ശസ്ത്രക്രിയക്കായാണ് നാല് വയസ്സുകാരിയെ അഡ്മിറ്റ് ചെയ്തത്. എന്നാഷ കൈയിലെ ആറാം വിരൽ ശസ്ത്രക്രീയക്ക് പകരം കുഞ്ഞിന്റെ നാക്കിനാണ് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയതെന്നാണ് കുടുംബം പരാതി നൽകിയത്. ചികിത്സാപ്പിഴവ് തിരിച്ചറിഞ്ഞതോടെ ഡോക്ട‍ർ മാപ്പ് പറഞ്ഞെന്നും കുടുംബം വ്യക്തമാക്കി. പിന്നാലെ മറ്റൊരു ശസ്ത്രക്രിയയിലൂടെ കുഞ്ഞിന്റെ ആറാം വിരൽ നീക്കം ചെയ്യുകയായിരുന്നുവെന്നും ബന്ധുക്കൾ വിവരിച്ചു. എന്നാൽ കുഞ്ഞിന്റെ നാവിനും തടസ്സമുണ്ടായിരുന്നെന്നാണ് ആശുപത്രി സൂപ്രണ്ട് പറഞ്ഞത്.

More Stories from this section

family-dental
witywide