ഹൂസ്റ്റണിലെ തിരഞ്ഞെടുക്കപ്പെട്ട അഞ്ച് ജനപ്രതിനിധികള്‍ക്ക് കെപിസിസിയുടെ ആദരം

ജീമോന്‍ റാന്നി

ഹൂസ്റ്റണ്‍: അമേരിക്കയിലെ തിരഞ്ഞെടുപ്പ് രംഗത്തു അഭിമാനാര്‍ഹമായ വിജയം കൈവരിച്ച്, മലയാളികള്‍ക്ക് അഭിമാനമായി മാറിയ ഹൂസ്റ്റണിലെ അഞ്ചു ജനപ്രതിനിധികള്‍ക്ക് കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (കെപിസിസി) യുടെ ആദരം. ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒഐസിസിയൂഎസ്എ) ന്റെ ആഭിമുഖ്യത്തില്‍ ജനുവരി 20 നു ശനിയഴ്ച വൈകുന്നേരം 6 മണിക്ക് ഹൂസ്റ്റണ്‍ സെന്റ് തോമസ് ഓര്‍ത്തഡോക്ള്‍സ് കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന സമരാഗ്‌നി സംഗമത്തിലാണ് കെപിസിസി പ്രസിഡണ്ട് കെ.സുധാകരന്‍ എംപി ജനപ്രതിനിധികളെ പൊന്നാട അണിയിച്ച് ആദരിച്ചത്.

ജന സാന്നിധ്യം കൊണ്ടും വൈവിധ്യമാര്‍ന്ന പരിപാടികള്‍ കൊണ്ടും ഗംഭീരമായ സമ്മേളനമായിരുന്നു സമരാഗ്‌നി സംഗമം. ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജ് കെ.പി.ജോര്‍ജ്, മിസോറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ട്, സ്റ്റാഫോര്‍ഡ് സിറ്റി മേയര്‍ കെന്‍ മാത്യു, ഫോര്‍ട്ട് ബെന്‍ഡ് 240 ഡിസ്ട്രിക്ട് ജഡ്ജ് സുരേന്ദ്രന്‍ കെ പട്ടേല്‍, ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി കോര്‍ട്ട് ജഡ്ജ് ജൂലി മാത്യൂ എന്നിവരാണ് ആദരിക്കപ്പെട്ടവര്‍. അമേരിക്കയില്‍ മലയാളി സമൂഹത്തില്‍ നിന്ന് മാത്രമല്ല ഇന്ത്യന്‍ സമൂഹത്തില്‍ നിന്നും ഇത്രയധികമാളുകള്‍ ഭരണരംഗത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട് അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്ന ഏക നഗരമാണ് ഹൂസ്റ്റണ്‍.

പത്തു ലക്ഷം ജനസംഖ്യയുള്ള ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയുടെ ആദരവായി കൗണ്ടി ജഡ്ജ് കെ.പി. ജോര്‍ജ് കെപിസിസി പ്രസിഡന്റിന് ബഹുമതി പത്രം (പ്രൊക്ലമേഷന്‍) നല്‍കി. അഞ്ചു തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെയും ഒരുമിച്ചു ഒരു വേദിയില്‍ കിട്ടിയ അപൂര്‍വ നിമിഷങ്ങള്‍ കൂടിയായിരുന്നു അത്. മേയര്‍മാരും ജഡ്ജുമാരും ആദരവുകള്‍ക്കു നന്ദി പ്രകാശിപ്പിച്ചു.

“ഇത് തനിക്കു ആശ്ചര്യമായി തോന്നുന്നു. അമേരിക്കയിലെ ഉന്നത സ്ഥാനങ്ങളില്‍ മലയാളികള്‍ എത്തിപ്പെടുന്നുവെന്നതില്‍ അഭിമാനം തോന്നുന്നു.ഹൂസ്റ്റണില്‍ തന്നെ ഒരു കൗണ്ടി ജഡ്ജ്, രണ്ടു സിറ്റി മേയര്‍മാര്‍, ഒരു ഡിസ്ട്രിക് ജഡ്ജ് ഉള്‍പ്പെടെ രണ്ടു കോര്‍ട്ട് ജഡ്ജുമാര്‍, നിങ്ങളെ കുറിച്ച് ഞാന്‍ അഭിമാനം കൊള്ളുന്നു, ഇനിയും നിങ്ങള്‍ ഉയരങ്ങളില്‍ എത്തട്ടെയെന്നു ആശംസിക്കുന്നു”. കെ.സുധാകരൻ പറഞ്ഞു.

നാഷണല്‍ പ്രസിഡണ്ട് ബേബി മണക്കുന്നേല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഹൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസിഡണ്ട് വാവച്ചന്‍ മത്തായി സ്വാഗതം പറഞ്ഞു. തുടര്‍ന്ന് നാഷണല്‍ ചെയര്‍മാന്‍ ജെയിംസ് കൂടല്‍ ആമുഖ പ്രസംഗം നടത്തി. ഒഐസിസിയുടെ ടെക്‌സസിലെ ഹൂസ്റ്റണ്‍, ഡാളസ് ചാപ്റ്ററുകള്‍ ചടങ്ങുകള്‍ക്ക് ആതിഥേയത്വം വഹിച്ചു. ഒഐസിസി ഹൂസ്റ്റണ്‍ ചാപ്റ്റര്‍ സെക്രട്ടറി ജോജി ജോസഫ് നന്ദി പ്രകാശിപ്പിച്ചു. ഒഐസിസി യൂഎസ്എ ജനറല്‍ സെക്രട്ടറി ജീമോന്‍ റാന്നി, മഞ്ജു മേനോന്‍ എന്നിവര്‍ എംസിമാരായി പരിപാടികള്‍ നിയന്ത്രിച്ചു.

More Stories from this section

family-dental
witywide