
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ കൃഷ്ണനഗർ ഇത്തവണ സാക്ഷ്യം വഹിക്കുന്നത് പെൺപോരാട്ടത്തിനാണ്. മൂർച്ചയുള്ള നാക്കുകൊണ്ട് ഭരണപക്ഷത്തെ നിരന്തരം മുറിപ്പെടിത്തുകൊണ്ടിരുന്ന തൃണമൂൽ കോൺഗ്രസിൻ്റെ മഹുവ മൊയ്ത്രക്കെതിരെ ഇത്തവണ ബിജെപി ഇറക്കിയിരിക്കുന്നത് കൃഷ്ണനഗര്‍ കൊട്ടാരത്തിലെ ‘രാജമാത’ അമൃത റോയിയെയാണ്. ചോദ്യത്തിന് കോഴ ആരോപണത്തെത്തുടര്‍ന്ന് അയോഗ്യയാക്കപ്പെട്ട സിറ്റിങ് എം.പിയാണ് മഹുവ മൊയ്ത്ര. രാജമാത അമൃത മൽസരിക്കാൻ ആദ്യം വിമുഖത കാട്ടിയെങ്കിലും പിന്നീട് ബിജെപി അംഗത്വം സ്വീകരിക്കുകയായിരുന്നു. മാർച്ച് 20ന് അവർ ബിജെപിയിൽ ചേർന്നു. 24 ന് അവരുടെ സ്ഥാനാർത്ഥിതിത്വം പ്രഖ്യാപിച്ചു.
സത്യത്തിൽ കൃഷ്ണനഗർ താമരയ്ക്ക് അത്ര വളക്കൂറുള്ള മണ്ണല്ല. സ്ഥിരമായി ഇടതുപക്ഷം വിജയിച്ചിരുന്ന മണ്ഡലമായിരുന്നു. 2009 മുതൽ തൃണമൂലിന്റെ മണ്ഡലമാണ്.37 ശതമാനം മുസ്ലിം വോട്ടർമാരുള്ള മണ്ഡലമാണ്. 40 ശതമാനം മതുവ സമുദായക്കാരുമാണ്. അവർക്കിടയിൽ വേരോട്ടമുണ്ടാക്കാൻ ബിജെപി നന്നായി പരിശ്രമിച്ചിട്ടുണ്ട്.
നദിയയിലെ രാജാവായിരുന്ന കൃഷ്ണചന്ദ്ര റോയിയുടെ കുടുംബത്തിലെ പിന്‍മുറക്കാരിയാണ് അമൃത റോയ്. ബംഗാളിൽ ഇപ്പോഴും സ്വാധീനമുള്ള രാജകുടുംബങ്ങളിൽ ഒന്നാണിത്. കൃഷ്ണനഗറില്‍ രാജകുടുംബാഗം വരുന്നത് തങ്ങള്‍ക്ക് ഗുണംചെയ്യുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. കേന്ദ്രസര്‍ക്കാരിന്റേയും ഭരണകക്ഷിയുടേയും കടുത്ത വിമര്‍ശകയായ മഹുവയെ, മണ്ഡലത്തില്‍ സ്വാധീനമുള്ള രാജകുടുംബത്തിലെ അംഗത്തെയിറക്കി പൂട്ടാമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍,
സമൂഹത്തിന് വേണ്ടി കൃഷ്ണനഗര്‍ രാജകുടുംബം നല്‍കിയ സംഭാവനകള്‍ എല്ലാവര്‍ക്കും അറിയാമെന്നും രാജകുടുംബത്തിലെ മരുമകളായിട്ടല്ല, സാധാരണക്കാരുടെ ശബ്ദമായിട്ടാണ് താന്‍ മത്സരത്തിന് ഇറങ്ങുന്നതെന്നും എല്ലാവരും അനുഗ്രഹിക്കണമെന്നും അമൃത റോയ് പിന്നീട് പ്രതികരിച്ചു.
63,218 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ബി.ജെ.പിയുടെ കല്യാണ്‍ ചൗബെക്കെതിരെ മഹുവ 2019-ല്‍ വിജയിച്ചത്. ന്യൂനപക്ഷ വോട്ടുകൾ മുഴുവൻ തൃണമുൽ തൂത്തുവാരുന്ന സാഹചര്യത്തിൽ ബിജെപി ഇതര പാർട്ടികളുടെ നിലപാടുകളും സ്ഥാനാർഥികളും ഈ വോട്ടുകളെ സ്വാധീനിച്ചേക്കും. 42 ലോക് സഭ മണ്ഡലങ്ങളുള്ള ബംഗാളിനെ ബിജെപി ഉറ്റുനോക്കുന്ന സംസ്ഥാനമാണ്. അതേ സമയം മമത ബാനർജി എന്ന ശക്തയായ പ്രതിരോധത്തോട് പല തവണ ഏറ്റുമുട്ടി പിൻമാറിയിട്ടുമുണ്ട്. വീറും വാശിയും വാക്കും കൊണ്ട് മമതയുടെ പിൻഗാമി എന്നു വിശേഷിപ്പിക്കപ്പെട്ട വ്യക്തിയായിരുന്നു മഹുവ. ലോക്സഭയിൽ ചോദ്യം ചോദിക്കാൻ വ്യവസായിൽ നിന്ന് കൈക്കൂലി വാങ്ങി എന്ന വലിയ ആരോപണത്തെ തുടർന്ന് പാർലമെൻ്റ് എത്തിക്സ് കമ്മിറ്റി അവരെ പുറത്താക്കുകയായിരുന്നു. എന്നാൽ താൻ കോഴ വാങ്ങി എന്ന് ഭരണപക്ഷം ആരോപിക്കുന്ന വ്യക്തി തൻ്റെ ബാല്യകാല സുഹൃത്തും സഹപാഠിയുമായിരുന്നു എന്നും അയാളിൽ നിന്ന് പണം കൈപ്പറ്റിയില്ല എന്നുമാണ് മഹുവയുടെ വാദം. എന്നു മാത്രമല്ല തൻ്റെ വിധി ജനം തീരുമാനിക്കുമെന്നാണ് പാർലമൻ്റിൽ നിന്ന് ഇറങ്ങി പോരുമ്പോൾ മഹുവ പറഞ്ഞത്. നിരന്തരം ചോദ്യം ചോദിച്ച് സ്വൈരം കെടുത്തിയിരുന്ന മഹുവയെ എങ്ങനെ പൂട്ടാമെന്ന് നോക്കിയിരിക്കുകയായിരുന്നു ബിജെപി. എത്തിക്സ് കമ്മിറ്റിയെ കൂടാതെ സിബിഐ , ഇഡി റെയ്ഡുകളും കേന്ദ്രം മഹുവയ്ക്കെതിരെ പ്രയോഗിക്കുന്നുണ്ട്. ഇതെല്ലാം മഹുവയുടെ പ്രതിഛായയെ ബാധിക്കുമോ അതോ ഇരയുടെ പരിവേഷം നൽകുമോ എന്നു ജനവിധി കഴിയുമ്പോൾ അറിയാം.
Krishna Nagar in West Bengal Where Mahua Moitra And Queen Amritha Ray fight each other