കടുവ വീണ്ടും മാസ്: കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍ മരണശേഷം സ്വന്തം ശരീരം മെഡിക്കല്‍ കോളജിനു നൽകും

കോട്ടയം: കടുവ സിനിമയിലെ പാലാ കടുവാക്കുന്നേല്‍ കുര്യച്ചന്‍ എന്ന കഥാപാത്രത്തിന് പ്രചോദനമായ ജോസ് കുരുവിനാക്കുന്നേല്‍ എന്ന കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍ മരണശേഷം സ്വന്തം ശരീരം മെഡിക്കല്‍ കോളജിനു നൽകും. കോട്ടയം മെഡിക്കൽ കോളജിൽ എത്തി അദ്ദേഹം സമ്മതപത്രം നൽകി.

ഇടമറ്റം കുരുവിനാക്കുന്നേല്‍ തറവാട്ടിലാണ് ഇദ്ദേഹം ഇപ്പോള്‍ താമസിക്കുന്നത്. സമീപകാലത്തുണ്ടായ ഹൃദയാഘാതത്തില്‍നിന്ന് മുക്തനായിവരികയാണ്. കടുവ എന്ന സിനിമയില്‍ പൃഥ്വിരാജ് അവതരിപ്പിച്ച കുര്യച്ചന്‍ എന്ന കഥാപാത്രമാണ് ജോസിന്റെ ജീവിതം പ്രശസ്തമാക്കിയത്.

കോട്ടയം മെഡിക്കല്‍ കോളജില്‍ ഭാര്യ മറിയമ്മയോടൊപ്പം എത്തിയാണ് പ്രിന്‍സിപ്പലിന് സമ്മതപത്രം കൈമാറിയത്. ദൈവം തന്ന ശരീരം ആര്‍ക്കെങ്കിലും ഉപകാരമാകട്ടെ എന്നു കരുതിയാണ് മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറുന്നതെന്ന് കുറുവച്ചന്‍ പറഞ്ഞു. ”കുഴിച്ചിട്ടാല്‍ പുഴുതിന്നും.. കത്തിച്ചുകളഞ്ഞാലോ ചാരമാകും. ദൈവമാണ് ശരീരം തന്നത്. അത് വെറുതെ കളയുന്നത് ദൈവനിന്ദയാണ്. വിദ്യാര്‍ഥികള്‍ക്ക് പഠിക്കുവാന്‍ നല്‍കുമ്പോള്‍ ശരീരം വരും തലമുറയ്ക്ക് ഉപകാരപ്പെടും”.-കുറുവച്ചന്‍ പറയുന്നു.

കുറുവച്ചനും ഒരു ഉന്നതപോലീസ് ഉദ്യോഗസ്ഥനും തമ്മിലുള്ള പോരാട്ടം കേരളത്തിന്റെ നീതിന്യായ ചരിത്രത്തിലെ നിര്‍ണായകമായ ഏടുകളിലൊന്നാണ്. പൊലീസില്‍നിന്ന് സംരക്ഷണംതേടി ഒരു പൗരന്‍ ഹൈക്കോടതിയെ സമീപിച്ചതും അനുകൂലമായി വിധി സമ്പാദിച്ചതും ഇന്ത്യയില്‍ ആദ്യമായിരുന്നു. പ്രമുഖ അഭിഭാഷകനായിരുന്ന റാം ജെഠ് മലാനിയാണ് അന്ന് കുറുവച്ചനുവേണ്ടി ഹൈക്കോടതിയില്‍ ഹാജരായത്.

അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില മുഹൂര്‍ത്തങ്ങള്‍ ചേര്‍ത്ത് ഇനിയും ഒരു സിനിമ ഇറങ്ങാനുണ്ട്. സുരേഷ് ഗോപിയാണ് നായകന്‍. വര്‍ഷങ്ങള്‍ക്കുമുമ്പ് സംസ്ഥാനത്തെ പ്രമുഖനും അയല്‍വാസിയുമായിരുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായി ഉണ്ടായിരുന്ന തര്‍ക്കങ്ങളും സംഘര്‍ഷങ്ങളുമായിരുന്നു കുറുവച്ചന്റെ ജീവിതത്തിലെ വഴിത്തിരിവുകള്‍. പൊലീസ് ഉദ്യോഗസ്ഥനോടും ഒരു പുരോഹിതനോടും അവരെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങളോടും കുറുവച്ചന്‍ നടത്തിയ പോരാട്ടങ്ങള്‍ക്ക് സമാനമാണ് കടുവ സിനിമയില്‍ കടുവാക്കുന്നേല്‍ കുര്യച്ചന്‍ എന്ന കഥാപാത്രത്തിന്റെ ജീവിതം.

Kuruvinakunnel Kuruvachan will donate his own body to the medical college after his death

More Stories from this section

family-dental
witywide