കുവൈത്ത് തീപ്പിടിത്തം; മൂന്ന് ഇന്ത്യക്കാരടക്കം എട്ടുപേരെ കസ്റ്റഡിയിലെടുത്തു

കുവൈത്ത് സിറ്റി: കുവൈത്തില്‍ മംഗാഫിലെ ലേബർ ക്യാമ്പിന് തീപിടിച്ച് 24 മലയാളികളടക്കം 50 പേര്‍ മരിച്ച സംഭവത്തില്‍ എട്ട് പേരെ കസ്റ്റഡിയിലെടുത്തു. മൂന്ന് ഇന്ത്യക്കാരും നാല് ഈജിപ്തുകാരും ഒരു കുവൈത്തി പൗരനുമാണ് കസ്റ്റഡിയിലുള്ളതെന്ന് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോടതി നിര്‍ദേശ പ്രകാരമാണ് നടപടി. ഇവര്‍ക്കെതിരെ നരഹത്യ, ഗുരുതരമായ അശ്രദ്ധ എന്നീ വകുപ്പുകൾ ചുമത്തും. ഇവരെ രണ്ടാഴ്ചത്തേക്ക് കസ്റ്റഡിയില്‍വെക്കാനാണ് കോടതി നിര്‍ദേശം.

അതിനിടെ തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 15,000 ഡോളര്‍ (ഏകദേശം 12.5 ലക്ഷം രൂപ) വീതം കുവൈത്ത് സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചു. തുക അതത് എംബസികള്‍ വഴിയാകും വിതരണം ചെയ്യുക. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കാന്‍ കുവൈത്ത് അമീര്‍ ശൈഖ് മിഷേല്‍ അല്‍ അഹമ്മദ് സംഭവദിവസംതന്നെ ഉത്തരവിട്ടിരുന്നു.

കഴിഞ്ഞ ബുധനാഴ്ച തെക്കന്‍ കുവൈത്തിലെ മംഗഫില്‍ വിദേശ തൊഴിലാളികള്‍ താമസിക്കുന്ന മേഖലയിലെ ആറു നില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഇന്ത്യക്കാരടക്കം 50 പേരാണ് ദുരന്തത്തില്‍ മരിച്ചത്. ഇതില്‍ 24 പേര്‍ മലയാളികളായിരുന്നു. തൊഴിലാളികള്‍ ഉറക്കത്തിലായിരുന്നത് അപകടത്തിന്റെ ആഘാതം വര്‍ധിപ്പിച്ചു. പുക ശ്വസിച്ചാണ് കൂടുതല്‍ പേരും മരിച്ചത്. സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിലുണ്ടായ ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് അപകടകാരണമായത്.

More Stories from this section

family-dental
witywide