
തിരുവനന്തപുരം: കുവൈത്തിലെ മൻഗഫിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മുഴുവൻ മലയാളികളെയും തിരിച്ചറിഞ്ഞതായി റിപ്പോർട്ട്. 24 മലയാളികൾ മരിച്ചതായി നോർക്ക റൂട്ട്സ് അറിയിച്ചു. ഏഴ് മലയാളികൾ പരുക്കേറ്റ് ഗുരുതരാവസ്ഥയിലാണ്. ആകെ 49 പേർ മരിച്ചതായാണ് വിവരം.
തീപിടിത്തത്തിൽ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ പ്രത്യേക വിമാനത്തിൽ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഇതിനായി വ്യോമസേനയുടെ സി-130 സൂപ്പർ ഹെർക്കുലീസ് വിമാനം കുവൈത്തിലേക്ക് പുറപ്പെട്ടു. ഡൽഹിയിലെ ഹിന്ദൻ വ്യോമകേന്ദ്രത്തിൽ നിന്നാണ് വിമാനം പുറപ്പെട്ടത്.
മലയാളി വ്യവസായി കെ.ജി. എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ കമ്പനിയായ എൻബിടിസിയിലെയും ഹൈവേ സൂപ്പർ മാർക്കറ്റിലേയും ജീവനക്കാരാണ് ദുരന്തത്തിൽപെട്ടത്. മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തും.