കണ്ണീരണിഞ്ഞ് നെടുമ്പാശ്ശേരി വിമാനത്താവളം; ചേതനയറ്റ് അവര്‍ ഉറ്റവര്‍ക്കരികിലേക്ക്, ആംബുലന്‍സുകള്‍ പുറപ്പെട്ടു

കൊച്ചി: കണ്ണീരണിഞ്ഞ് കേരളം…ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ കടല്‍ക്കടന്ന ആ 24 പേരും ചേതനയറ്റ് പ്രിയപ്പെട്ടവര്‍ക്കരികിലേക്ക് എത്തുകയാണ്. അപ്രതീക്ഷിതമായി എത്തിയ അപകടവാര്‍ത്തയില്‍ നിന്നും ഇനിയും വേര്‍പാട് ഉള്‍ക്കൊള്ളാനാകാതെ അലമുറയിടുകയാണ് പ്രിയപ്പെട്ടവര്‍…

കുവൈറ്റ് തീപിടിത്തത്തില്‍ മരണമടഞ്ഞവരുടെ മൃതദേഹങ്ങളുമായി ആംബുലന്‍സുകള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ടു.

രാവിലെ 10.30 ഓടെയാണ് കുവൈറ്റില്‍ നിന്നും വ്യോമസേനയുടെ പ്രത്യേക വിമാനം മലയാളികളടക്കം 45 ഇന്ത്യക്കാരുടേയും മൃതദേഹവുമായി കൊച്ചിയിലെത്തിയത്. കൊച്ചിയില്‍ എത്തിച്ചതിന് പിന്നാലെ ഏറ്റുവാങ്ങിയ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചു. ഇതില്‍ 23 മലയാളികളും ഏഴു തമിഴ്‌നാട് സ്വദേശികളും ഒരു കര്‍ണാടക സ്വദേശിയും ഉള്‍പ്പെടെയുള്ളവരുടെ മൃതദേഹങ്ങള്‍ കസ്റ്റംസ് ക്ലീയറന്‍സിന് ശേഷം വിമാനത്താവളത്തില്‍ സജ്ജീകരിച്ച പ്രത്യേക ടേബിളുകളിലാണ് പൊതുദര്‍ശനത്തിന് വെച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രസഹമന്ത്രി സുരേഷ്‌ഗോപി, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, ഇവര്‍ക്കു പുറമെ, സംസ്ഥാന മന്ത്രിമാരും എംപി മാരും എംഎല്‍എ മാരും മറ്റ് നിരവധി പ്രമുഖരും നേതാക്കളും അടക്കം സ്ഥലത്ത് എത്തിയിരുന്നു. അന്തിമോപചാരം അര്‍പ്പിക്കാന്‍ വന്‍ ജനാവലിയാണ് എത്തിയത്. ഗാര്‍ഡ് ഓഫ് ഓണറും നല്‍കിയ ശേഷമാണ് മൃതദേഹം കൈമാറിയത്.