കുവൈറ്റ് ദുരന്തം : മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 15000 യു.എസ് ഡോളര്‍ നഷ്ടപരിഹാരം നല്‍കുമെന്ന് കുവൈറ്റ്

ന്യൂഡല്‍ഹി: മംഗഫ് തീപിടുത്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് കുവൈറ്റ് 15,000 യു.എസ് ഡോളര്‍ നഷ്ടപരിഹാരം നല്‍കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ രൂപയനുസരിച്ച് 12.5 ലക്ഷത്തിലധികം വരും ഈ തുക.

തെക്കന്‍ അഹമ്മദി ഗവര്‍ണറേറ്റില്‍ ബഹുനില കെട്ടിടത്തില്‍ തീപിടിച്ച് 46 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 50 പേരാണ് മരിച്ചത്. കുവൈറ്റ് അമീര്‍ ഷെയ്ഖ് മെഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ ഉത്തരവനുസരിച്ച് ഇരകളുടെ കുടുംബങ്ങള്‍ക്ക് 15,000 ഡോളര്‍ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് അറബ് ടൈംസ് പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച്, നഷ്ടപരിഹാര തുകകള്‍ ഇരകളുടെ എംബസികളില്‍ എത്തിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

ജൂലൈ 12 ന് മംഗഫ് നഗരത്തിലെ ഏഴ് നില കെട്ടിടത്തിലാണ് വന്‍ അഗ്നിബാധ ഉണ്ടായത്. തീപിടിത്തമുണ്ടായത് കെട്ടിടത്തിന്റെ താഴത്തെ നിലയിലെ ഗാര്‍ഡ് റൂമിലെ വൈദ്യുത ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണെന്ന് കുവൈറ്റ് അധികൃതര്‍ അറിയിച്ചിരുന്നു. ഈ കെട്ടിടത്തില്‍ 196 തൊഴിലാളികളാണ് താമസിച്ചിരുന്നത്, ഇവരിലധികവും ഇന്ത്യക്കാരായിരുന്നു. മരിച്ചവരില്‍ 24 പേര്‍ മലയാളികളായിരുന്നു. മൂന്ന് പേര്‍ ഫിലിപ്പിനോകളാണ്, മറ്റൊരു ഇരയുടെ വിവരങ്ങള്‍ ഇനിയും സ്ഥിരീകരിച്ചിട്ടില്ല.

തീപിടുത്തത്തില്‍ നാശനഷ്ടമുണ്ടായവരുടെ കുടുംബങ്ങള്‍ക്ക് ഫണ്ട് വിതരണം ചെയ്യുന്നുണ്ടെന്ന് ബന്ധപ്പെട്ട എംബസികള്‍ ഉറപ്പാക്കുകയും നടപടികള്‍ വേഗത്തിലാക്കുകയും ഇരകളുടെ കുടുംബങ്ങളിലേക്ക് സഹായം വേഗത്തിലും കാര്യക്ഷമമായും എത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യാനും നിര്‍ദേശമുണ്ട്. സംഭവത്തില്‍ കുവൈത്ത് പബ്ലിക് പ്രോസിക്യൂട്ടര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുവൈറ്റ് പൗരനുള്‍പ്പെടെ മൂന്നുപേര്‍ പിടിയിലായിട്ടുണ്ട്.