
ബെയ്ജിങ്: തെക്കുപടിഞ്ഞാറൻ ചൈനയിലെ പർവതപ്രദേശമായ യുനാൻ പ്രവിശ്യയിൽ തിങ്കളാഴ്ച പുലർച്ചെ ഉണ്ടായ മണ്ണിടിച്ചിലിൽ 47 പേർ മണ്ണിനടിയിൽ പെട്ടു. 200 പേരെ പ്രദേശത്തുനിന്നും മാറ്റിപ്പാർപ്പിച്ചു.
ഷെങ്‌സിയോങ് കൗണ്ടിയിലെ ടാങ്‌ഫാങ് പട്ടണത്തിന് കീഴിലുള്ള ലിയാങ്‌ഷൂയി ഗ്രാമത്തിൽ രാവിലെ 6 മണിക്ക് മുമ്പായിരുന്നു ദുരന്തം. 18 വീടുകളുടെ അടിയിലായി കുടുങ്ങി കിടക്കുന്നവർക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന് കൗണ്ടി പ്രചരണ വിഭാഗം അറിയിച്ചു. രണ്ട് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ദേശീയ ആരോഗ്യ കമീഷൻ അറിയിച്ചു.
പെട്ടെന്നുണ്ടായ മണ്ണിടിച്ചിലിന്റെ കാരണം വ്യക്തമല്ലെങ്കിലും സംഭവത്തെ തുടർന്ന് ലഭിച്ച ഫോട്ടോകളിൽ മഞ്ഞ് വീണതായി കാണാം. കുത്തനെയുള്ള മലകളും കുന്നുകളുമുള്ള യുന്നാൻ പ്രവിശ്യയിൽ മണ്ണിടിച്ചിൽ സാധാരണമാണ്.
സംഭവസമയത്ത് ആളുകളെല്ലാം ഉറങ്ങുകയായിരുന്നു എന്ന് മണ്ണിടിച്ചിലിന് ദൃക്സാക്ഷിയായ ആൾ പറഞ്ഞു. രക്ഷാപ്രവർത്തനത്തിനായി 1000 ത്തോളം രക്ഷാപ്രവർത്തകരെത്തിയതായി റിപ്പോർട്ടുകൾ പറയുന്നു