ഇനിയില്ല ട്രോപിക്കാന…, ലാസ് വേഗാസിലെ പ്രശ്സതമായ കസീനോ ഇന്നു കൂടി മാത്രം

ലോകത്തിൻ്റെ വിനോദ സഞ്ചാര തലസ്ഥാനമായ ലാസ് വേഗാസിനെ അറിയുന്നവർക്ക് ട്രോപിക്കാന എന്ന കസീനോയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. രാവു മുഴുവൻ ഉണർന്നിരിക്കുന്ന വേഗാസിൽ സഞ്ചാരികളെ മാടിവിളിച്ചുകൊണ്ട് തലയുയർത്തി നിന്നിരുന്ന ട്രോപിക്കാന 67 വർഷങ്ങളുടെ ആഘോഷങ്ങളും ആരവങ്ങളും അവസാനിപ്പിക്കുകയാണ്. ആ കസീനോ ഇന്നു കൂടി മാത്രം. ഇനി അത് ഒരു ബ്ലാക് ആൻഡ് വൈറ്റ് ഓർമ. നഗര വികസനത്തിന്റെ ഭാഗമായി ട്രോപിക്കാന നിന്നിരുന്ന ഭാഗം വലിയ ഒരു സ്റ്റേഡിയമായി മാറുകയാണ്. 1.5 ബില്യൺ ഡോളറിൻ്റെ വലിയ ബേസ്ബോൾ സ്റ്റേഡിയമാണ് അവിടെ വരുന്നത്.

ട്രോപിക്കാന ലാസ് വേഗാസിലെ ഏറ്റവും പഴക്കമുള്ള മൂന്നാമത്തെ കസീനോയായിരുന്നു. ഭംഗിയുള്ള പുൽത്തകിടികളും മനോഹരമായ ഷോറൂമും ഇതിന് “ടിഫാനി ഓഫ് ദി സ്ട്രിപ്പ്” എന്ന വിളിപ്പേര് നേടിക്കൊടുത്തിരുന്നു. പ്രവേശന കവാടത്തിനടുത്തായി ടൂലിപ് ആകൃതിയിലുള്ള ഫൌണ്ടൻ,മഹാഗണി പാനലുകളും ടിൻ്റഡ് ഗ്ളാസ് കൊണ്ടുള്ള മേൽക്കൂരയും എല്ലാം ചേർന്ന് പഴമയുടെ മുഴുവൻ അഴകും ചേർത്തുവച്ച ഇടമായിരുന്നു.

ലോകത്തിൻ്റെ വിവിധ ഭാഗത്തുനിന്നുള്ള സെലിബ്രിറ്റികൾ സ്ഥിരമായി എത്തിയിരുന്ന ഇടം. നിരവധി സിനിമകളിൽ മുഖം കാണിച്ച ഇടം. അമേരിക്കക്കാർക്ക് മുഖവുര ആവശ്യമില്ലാത്ത ഒരു സ്ഥാപനമാണ് ഇല്ലാതാകുന്നത്. വിൻ്റേജ് വേഗാസിന്റെ കുളിരുള്ള ഭൂതകാല ഓർമകളിൽ ട്രോപിക്കാന എന്നും തിളങ്ങുന്ന ഒരു നക്ഷത്രമായിരിക്കും.

Las Vegas casino Tropicana’s final day has arrived