
ന്യൂഡല്‍ഹി: സംസ്ഥാനത്തെ മോറെ പട്ടണത്തിലെ ക്രമസമാധാന നിലയെക്കുറിച്ചുള്ള റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മണിപ്പൂരില്‍ 2 എഡിറ്റര്‍മാര്‍ അറസ്റ്റിലായി. എട്ടുദിവസത്തിനുള്ളിലാണ് വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ഇരുവരും അറസ്റ്റിലാകുന്നത്.
മതത്തിന്റെയും വംശത്തിന്റെയും അടിസ്ഥാനത്തില്‍ ശത്രുത വളര്‍ത്തിയെന്ന കുറ്റം ചുമത്തിയാണ് മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്നത്.
ടൈംസ് ഓഫ് ഇന്ത്യയുടെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ഇംഫാലിന്റെ ഹ്യൂയേന്‍ ലാന്‍പാവോ പത്രത്തിന്റെ എഡിറ്ററായ ധനബീര്‍ മൈബം ക്രിമിനല്‍ ഗൂഢാലോചനയ്ക്കും 1923 ലെ ഔദ്യോഗിക രഹസ്യ നിയമത്തിന്റെ വിവിധ വകുപ്പുകള്‍ ലംഘിച്ചതിനുമാണ് അറസ്റ്റിലായതെന്നാണ് അധികൃതരുടെ വാദം.
ഒക്ടോബര്‍ 31 മുതലുള്ള ഒന്നിലധികം ആക്രമണങ്ങളില്‍ ഒരു മുതിര്‍ന്ന ഡിവിഷണല്‍ പോലീസ് ഓഫീസര്‍ മരിക്കുകയും സുരക്ഷാ സേനയിലെ ഒമ്പത് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് ശേഷം പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിന് മൈബാം മേല്‍നോട്ടം വഹിച്ചിരുന്നു. മൂന്ന് ദിവസത്തേക്കാണ് മൈബാമിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്.
ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ തെങ്നൗപാല്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന അതിര്‍ത്തി പട്ടണമാണ് മോറെ.
ഡിസംബര്‍ 29-ന് കാംഗ്ലീപക്കി മീരയുടെ എഡിറ്റര്‍-ഇന്‍-ചീഫ് വാങ്ഖേംച ശ്യാംജയ് അറസ്റ്റിലാകുകയും ഡിസംബര്‍ 31ന് ശ്യാംജയ്ക്ക് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മൈബാം അറസ്റ്റിലാകുന്നത്. സെപ്തംബറില്‍, മണിപ്പൂര്‍ സന്ദര്‍ശിച്ച എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യയുടെ വസ്തുതാന്വേഷണ സംഘത്തിനെതിരെ പൊലീസ് എഫ്ഐആര്‍ ഫയല്‍ ചെയ്തിരുന്നു.











