
മുംബൈ: ജനുവരി 22ന് രാമക്ഷേത്ര പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് മഹാരാഷ്ട്രയില്‍ പൊതു അവധി പ്രഖ്യാപിച്ചതിനെതിരെ ബോംബെ ഹൈക്കോടതിയില്‍ ഹർജി. ഹിന്ദു ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് സര്‍ക്കാര്‍ പരസ്യമായി ആഘോഷിക്കുകയും അതിന്റെ ഭാഗമായി പൊതു അവധി പ്രഖ്യാപിക്കുകയും ചെയ്യുന്നത് മതേതര തത്വങ്ങള്‍ക്കെതിരായ ആക്രമണമാണെന്നും ഹർജിയില്‍ പറയുന്നു. നിയമവിദ്യാര്‍ഥികളായ ശിവാംഗി അഗര്‍വാള്‍, സത്യജിത് സിദ്ധാര്‍ഥ് സാല്‍വേ, വേദാന്ത് ഗൗരവ് അഗര്‍വാള്‍, ഖുഷി സന്ദീപ് ഭംഗ്യ എന്നിവരാണ് ഹർജി നല്‍കിയത്.
ഒരു പ്രത്യേക വിഭാഗത്തിന്റെ മതപരമായ ചടങ്ങിന് പൊതു അവധി പ്രഖ്യാപിക്കുന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന മതേതര നിലപാടിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. മതേതരത്വം ഭരണഘടനയുടെ അടിസ്ഥാനമാണെന്ന സുപ്രിംകോടതിയുടെ മുന്‍കാല നിരീക്ഷണങ്ങളും ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. നെഗോഷിയബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ടിന്റെ സെക്ഷന്‍ 25 പ്രകാരം അവധി പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും ഹർജിയില്‍ പറയുന്നു.
രാമക്ഷേത്ര പ്രതിഷ്ഠ സര്‍ക്കാര്‍ പരിപാടിയാക്കുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ടാണെന്നും ഹരജിയില്‍ ആരോപിക്കുന്നു. രാമക്ഷേത്ര നിര്‍മാണത്തിന് അനുമതി നല്‍കുന്ന സുപ്രിംകോടതി വിധിയില്‍ മുസ്‌ലിംകള്‍ക്ക് പള്ളി നിര്‍മിക്കാന്‍ അഞ്ച് ഏക്കര്‍ സ്ഥലം നല്‍കണമെന്നും പറയുന്നുണ്ട്. പള്ളിയുടെ നിര്‍മാണം ഇതുവരെ തുടങ്ങിയിട്ടുപോലുമില്ലെന്നും ഹർജിയില്‍ പറയുന്നു. ജനുവരി 22ന് സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉച്ചക്ക് ശേഷം 2.30 വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.















