കേരളം പരിധികടന്ന് കടമെടുക്കുന്നു, ആര് തിരിച്ചടയ്ക്കുമെന്ന ചോദ്യത്തിന് ഉത്തരമില്ല: നിർമല സീതാരാമൻ

തിരുവനന്തപുരം: കേരള സർക്കാരിനെ കടന്നാക്രമിച്ച് കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ. അനുവദനീയമായ കടമെടുപ്പ് പരിധി മറികടന്നും കടം വാങ്ങാനാണ് സംസ്ഥാന സർക്കാറിന് താൽപര്യമെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി. ബജറ്റിന് പുറത്താണ് ഈ കടമെടുക്കൽ. തിരിച്ചടക്കാനുള്ള വരുമാനം ഉറപ്പുവരുത്തിയിട്ടാണ് സാധാരണ വായ്പയെടുക്കാറ്. എന്നാൽ, കേരളം ഇക്കാര്യം പരിഗണിക്കുന്നതേയില്ലെന്ന് നിർമല സീതാരാമൻ വിമർശിച്ചു. തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്‍റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

റിസർവ് ബാങ്ക് റിപ്പോർട്ട് പ്രകാരം രാജ്യത്ത് സാമ്പത്തിക സമ്മർദത്തിലുള്ള അഞ്ച് സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. അതിന് കാരണം ദയനീയമായ ഭരണസംവിധാനമാണെന്ന് അവർ പറഞ്ഞു. 50 ശതമാനത്തിൽ താഴെ വികസനച്ചെലവുള്ള രണ്ട് സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളമെന്നും അവർ അവകാശപ്പെട്ടു. മറ്റൊന്ന് പഞ്ചാബാണ്. കേരളത്തിൽ മാറിമാറി ഭരിച്ച എൽഡിഎഫ്, യുഡിഎപ് സർക്കാരുകളാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി തകർത്തതെന്നും നിർമല സീതാരാമൻ കുറ്റപ്പെടുത്തി.

“കിഫ്ബിക്കും പെൻഷൻ കമ്പനിക്കും ഒരു വരുമാനവുമില്ല. കടമെടുക്കുന്നത് പിന്നെ ആര് തിരിച്ചടക്കുമെന്നതിനും ഉത്തരമില്ല. അത് ഇപ്പോഴും കേരള നിയമസഭക്ക് മനസ്സിലായിട്ടില്ല. ധനകാര്യ കമീഷൻ നിർദേശിച്ച പ്രകാരം ഒരു പൈസ പോലും കാലതാമസമില്ലാതെ കേരളത്തിന് നൽകിയിട്ടുണ്ട്. വികസനത്തിന് ചെലവഴിക്കാൻ പണമില്ല. ഇതാണ് കേരളം നേരിടുന്ന മറ്റൊരു ദുരന്തം. മോദിയുടെ നികുതി വിഭജനത്തിലൂടെ നിങ്ങൾക്ക് ലഭിക്കാൻ അർഹതയുള്ളതും നിങ്ങൾക്ക് ലഭിക്കാനുള്ളതും കൃത്യസമയത്ത് ലഭിക്കുമെന്ന് കേരളത്തിലെ ജനങ്ങൾക്ക് ഉറപ്പ് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു,” അവർ പറഞ്ഞു.

More Stories from this section

family-dental
witywide