ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും ഇത് രണ്ടാം ഇന്നിംഗ്‌സ്…! വിവാഹ റിസപ്ഷന്‍ ആഘോഷമാക്കി ലെനയും പ്രശാന്തും

ജനുവരിയില്‍ വിവാഹിതയായ മലയാളത്തിന്റെ പ്രിയ താരം ലെനയും ഭര്‍ത്താവും ഇന്ത്യയുടെ അഭിമാന ഗഗന്‍യാന്‍ മിഷന്റെ സാരഥിയുമായ ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരും വിവാഹ റിസപ്ഷന്‍ നടത്തി. ഇക്കഴിഞ്ഞ ദിവസമാണ് ഇരുവരും വിവാഹിതരായ കാര്യം തന്നെ ആരാധകര്‍ അറിയുന്നത്. ഗഗന്‍യാന്‍ മിഷന്റെ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതിനാല്‍ അതീവ രഹസ്യമായാണ് വിവാഹം നടത്തിയത്. കഴിഞ്ഞ ദിവസം മിഷനില്‍ മലയാളിയായ പ്രശാന്തിന്റേതുള്‍പ്പെടെ നാലുപേരുടെ പേര് പ്രധാനമന്ത്രി പ്രഖ്യാപിച്ചതോടെ താന്‍ ഇരട്ടി അഭിമാനത്തിലാണെന്നും പ്രശാന്തുമായുള്ള തന്റെ വിവാഹം ജനുവരിയില്‍ കഴിഞ്ഞെന്നും ലെന വെളിപ്പെടുത്തിയത്.

തന്റെ മുന്‍ജന്മത്തെക്കുറിച്ച് സംസാരിക്കുന്ന ഒരു അഭിമുഖം കണ്ടതോടെയാണ് പ്രശാന്ത് തന്നെ വിളിച്ചതെന്നും സംസാരിച്ചുതുടങ്ങിയതെന്നും പിന്നീട് വിവാഹം വരെ എത്തിയതെന്നും ലെന വെളിപ്പെടുത്തിയിരുന്നു. വിവാഹം രഹസ്യമായി നടത്തിയെങ്കിലും ഇപ്പോഴിതാ വിവാഹ റിസപ്ഷന്‍ ആഘോഷമാക്കിയിരിക്കുകയാണ് ഇരുവരും.

https://www.instagram.com/reel/C35aCcmyYXl/?utm_source=ig_web_button_share_sheet

വ്യാഴാഴ്ച, പ്രശസ്ത ഷെഫായ സുരേഷ് പിള്ളയാണ് ഇരുവരുടേയും റിസപ്ഷന്റെ മനോഹരമായ ചിത്രങ്ങളും വീഡിയോയും പങ്കുവച്ചത്. ദമ്പതികളുമായി അടുത്ത ബന്ധം പങ്കിടുന്ന ഷെഫ് സുരേഷ് പിള്ള തന്റെ സോഷ്യല്‍ മീഡിയയില്‍ അഭിനന്ദനം അറിയിച്ചുകൊണ്ടാണ് ദൃശ്യങ്ങള്‍ പങ്കുവെച്ചത്. ഇരുവരുടേയും രണ്ടാം വിവാഹമാണിത്. അക്കാര്യം എടുത്തുപറഞ്ഞുകൊണ്ടാണ് പ്രശാന്ത് സംസാരിച്ച് തുടങ്ങിയത്.

ഇരുവര്‍ക്കും ഇത് ഒരു ‘രണ്ടാം ഇന്നിംഗ്‌സാണ് എന്ന് അവരുടെ ഒരുമിക്കലിനെക്കുറിച്ച് പ്രശാന്ത് പറഞ്ഞു. ഇരുവരുടേയും വിവാഹം ഒരു പുതിയ അധ്യായത്തിന്റെ തുടക്കമാണെന്നും നിങ്ങളെല്ലാവരും ഇന്ന് ഇവിടെ ഒത്തുകൂടിയപ്പോള്‍, ഇത് ഒരു ആജീവനാന്ത ഇന്നിംഗ്സിന്റെ തുടക്കമായി തോന്നുന്നുവെന്നും പ്രശാന്ത് പറഞ്ഞു. ചിരിച്ച് സന്തോഷത്തോടെ ഭര്‍ത്താവിനെ സ്‌നേഹത്തോടെ ചേര്‍ത്തുനിര്‍ത്തുകയായിരുന്നു ലെന.