
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജയിലില്‍ക്കഴിയുന്ന ബിആര്‍എസ് നേതാവ് കെ. കവിത സമര്‍പ്പിച്ച ഇടക്കാല ജാമ്യാപേക്ഷ ഡല്‍ഹി റൂസ് അവന്യൂ കോടതി തിങ്കളാഴ്ച തള്ളി. അതേസമയം, കെ. കവിതയുടെ പതിവ് ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലുണ്ട്, ഏപ്രില്‍ 20 ന് വാദം കേള്‍ക്കുന്നതിനായി ഇത് ലിസ്റ്റ് ചെയ്തിട്ടുണ്ട്.
മുന്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകളും ബിആര്‍എസ് നേതാവുമായ കവിതയെ മാര്‍ച്ച് 15 നാണ് ഇഡി ഹൈദരാബാദിലെ ബഞ്ചാര ഹില്‍സിലെ വസതിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ച കോടതി കവിതയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
കെ.കവിതയെ തിഹാര്‍ ജയിലില്‍ ചോദ്യം ചെയ്യാന്‍ സിബിഐയെ അനുവദിച്ച ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കവിത ഡല്‍ഹി കോടതിയെ സമീപിച്ചതിന് രണ്ട് ദിവസത്തിന് ശേഷമാണ് ഇടക്കാല ജാമ്യാപേക്ഷയിലെ തിരിച്ചടി. കേസിലെ നിർണായക കണ്ണിയാണ് കവിതയെന്നും ദില്ലി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസില്‍ സത്യം തെളിയിക്കാൻ അവരെ ചോദ്യം ചെയ്യണമെന്നുമായിരുന്നു സി ബി ഐയുടെ ആവശ്യം. എക്സൈസ് നയവുമായി ബന്ധപ്പെട്ട അഴിമതിയാരോപണം സിബിഐ അന്വേഷിക്കുന്നുണ്ട്.