
പത്തനംതിട്ട: പത്തനംതിട്ടയില്‍ പോളിംഗ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ വിശദാംശങ്ങള്‍ അടങ്ങുന്ന ഔദ്യോഗിക പട്ടിക ചോര്‍ന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥനെതിരെ നടപടി. എല്‍.ഡി.ക്ലാര്‍ക്ക് യദു കൃഷ്ണനെയാണ് പത്തനംതിട്ട കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ സസ്‌പെന്‍ഡ് ചെയ്തത്. ഈ ഉദ്യോഗസ്ഥന്റെ കയ്യില്‍ നിന്നാണ് വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് പട്ടിക ചോര്‍ന്നത് എന്ന് കണ്ടെത്തിയിരുന്നു.
സംഭവത്തെത്തുടര്‍ന്ന് പട്ടിക ചോര്‍ന്ന് സി.പി.എം പ്രവര്‍ത്തകരുടെ കൈയിലെത്തി എന്നാരോപിച്ച് പത്തനംതിട്ട മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി ആന്റോ ആന്റണി മുഖ്യവരണാധികാരിയായ ജില്ലാകളക്ടറുടെ ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. നടപടി ആവശ്യപ്പെട്ടായിരുന്നു സമരം.
എന്നാല്‍, വിവരം അറിഞ്ഞപ്പോള്‍ രാത്രി തന്നെ ഉദ്യോഗസ്ഥരെ പരസ്പരം മാറ്റി പ്രശ്‌നം പരിഹരിച്ചിരുന്നു എന്ന് ജില്ലാ വരണാധികാരി കൂടിയായ കളക്ടര്‍ വ്യക്തമാക്കി. ഫ്‌ളെക്‌സ് അടിക്കാന്‍ പി ഡി എഫ് ആയി നല്‍കിയ പട്ടിക അബദ്ധത്തില്‍ ഉദ്യോഗസ്ഥ ഗ്രൂപ്പിലേക്ക് പോയെന്നാണ് വിശദീകരണം.
കൂടുതല്‍ പേര്‍ക്ക് പങ്ക് ഉണ്ടോ എന്ന് അന്വേഷിക്കാന്‍ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സൈബര്‍ സെല്ലിനടക്കം പരാതിയും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. മാത്രമല്ല, ജില്ലയിലെ മുഴുവന്‍ ഉദ്യോഗസ്ഥരെയും രാത്രി തന്നെ പുനര്‍വിന്യസിച്ചതായും കളക്ടര്‍ അറിയിച്ചു.
പോളിംഗ് സാമഗ്രികള്‍ക്കൊപ്പം കൈമാറുന്ന പോളിംഗ് ഓഫീസര്‍മാരുടെ പട്ടിക രണ്ടു ദിവസം മുന്‍പേ ഇടതുപക്ഷ അനുകൂല സംഘടന നേതാക്കന്മാര്‍ ചോര്‍ത്തി എന്നതാണ് ആന്റോ ആന്റണിയുടെ ആരോപണം. ഇടതുപക്ഷ നേതാക്കള്‍ ഈ പട്ടികയുടെ വിശദാംശങ്ങള്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് നല്‍കി കള്ളവോട്ടിനുള്ള മുഴുവന്‍ സജ്ജീകരണങ്ങളും ചെയ്തുകൊണ്ടിരിക്കുന്നുവെന്നുമടക്കം ഗുരുതര ആരോപണങ്ങളാണ് യു.ഡി.എഫ് ഉന്നയിക്കുന്നത്.
കളക്ടറുടെ ഓഫീസില്‍ അതീവ രഹസ്യമായി ഇരിക്കേണ്ട പട്ടികയാണ് ചോര്‍ന്നതെന്നും പട്ടിക ചോര്‍ന്നതിലൂടെ കള്ളവോട്ടിനുള്ള കളം ഒരുങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.









