
ന്യൂഡൽഹി: ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കുന്ന തമിഴ്നാട് അടക്കം 21 സംസ്ഥാനങ്ങളിലെ 102 ലോക്‌സഭാ മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് പൂർത്തിയാകും. 60 അംഗ അരുണാചൽ പ്രദേശ് നിയമസഭയിലേക്കും 32 അംഗ സിക്കിം നിയമസഭയിലേക്കുമുള്ള തിരഞ്ഞെടുപ്പും ഏപ്രിൽ 19നാണ്.
ബി.ജെ.പി സ്ഥാനാർത്ഥികളായ തമിഴിസൈ സൗന്ദരരാജൻ (ചെന്നൈ സൗത്ത്), കെ. അണ്ണാമലൈ (കോയമ്പത്തൂർ), നിതിൻ ഗഡ്‌കരി (നാഗ്‌പൂർ), സർബാനന്ദ സോണോവാൾ (ദിബ്രുഗഡ്), കിരൺ റിജിജു (അരുണാചൽ വെസ്റ്റ്), ബിപ്ളവ് കുമാർ ദേവ് (ത്രിപുര വെസ്റ്റ്), ഭൂപേന്ദ്ര യാദവ് (അൽവാർ), കോൺഗ്രസിന്റെ ഗൗരവ് ഗോഗോയ് (ജോർഹത്), കാർത്തി ചിദംബരം (ശിവഗംഗ), കനിമൊഴി (തുത്തുക്കുടി), സിപിഎമ്മിന്റെ അമ്ര റാം (സിക്കർ) തുടങ്ങിയ പ്രമുഖർ 19ന് ജനവിധി തേടും.
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളില്‍ പ്രചാരണം നടത്തും. രാഹുല്‍ഗാന്ധിയും അഖിലേഷ് യാദവും സംയുക്ത വാർത്തസമ്മേളനവും വിളിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ മുഴുവൻ സീറ്റിലും ആദ്യഘട്ടത്തിലാണ് തിരഞ്ഞെടുപ്പ് എന്നതിനാല്‍ ബിജെപിയുടെയും മോദിയുടെയും പ്രധാനശ്രദ്ധ ദക്ഷിണേന്ത്യയിലായിരുന്നു. ബംഗാളിലും പടിഞ്ഞാറൻ ഉത്തർപ്രദേശിലും മോദി തുടർച്ചയായ റാലികളും റോഡ് ഷോകളും നടത്തി.
അതേസമയം, രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ഹിന്ദി മേഖലയില്‍ പാർട്ടിക്ക് ഊർജ്ജം നല്കിയെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. രാഹുല്‍ഗാന്ധിയും പ്രിയങ്കഗാന്ധിയും മധ്യപ്രദേശിലും രാജസ്ഥാനിലും റാലികള്‍ നടത്തി. ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളിലെ വടക്കൻ മേഖലകളില്‍ മമത ബാനർജിയുടെ നേതൃത്വത്തില്‍ ശക്തമായി പ്രചാരണം നടന്നു. തമിഴ്നാട്ടില്‍ ഇന്ത്യ സഖ്യത്തിന്‍റെ പ്രചാരണം ഏറ്റെടുത്തത് ഡിഎംകെയാണ്.









