
ന്യൂഡല്‍ഹി: ഇന്ത്യയിൽ നാളെ നാലാം ഘട്ട തിരഞ്ഞെടുപ്പ്. നിശബ്ദ പ്രചാരണം ഇന്ന്. ഒമ്പത് സംസ്ഥാനങ്ങളും ഒരു കേന്ദ്രഭരണ പ്രദേശവും ഉള്‍പ്പെടുന്ന 96 മണ്ഡലങ്ങളിലാണ് നാളെ തിരഞ്ഞെടുപ്പ്. ആന്ധ്രപ്രദേശിലെയും തെലങ്കാനയിലേയും മുഴുവന്‍ മണ്ഡലങ്ങളും നാളെ ഒറ്റ ഘട്ടമായി പോളിംഗ് ബൂത്തിലേക്ക് പോകും.
ഉത്തര്‍പ്രദേശില്‍ 13, മഹാരാഷ്ട്രയില്‍ 11, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ 8, ബിഹാറില്‍ 5, ജാര്‍ഖണ്ഡ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലെ 4, മണ്ഡലങ്ങളിലാണ് നാലാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ്. ഇതിനു പുറമെ ആന്ധ്രാപ്രദേശിലെ 175 മണ്ഡലങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പും നാളെ നടക്കും.
സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, അധിർ രഞ്ജൻ ചൗധരി, യൂസഫ് പഠാൻ,മഹുവ മൊയ്ത്ര , ദിലീപ് ഘോഷ് ,കേന്ദ്രമന്ത്രി ഗിരിരാജ് സിങ് എന്നിവരാണ് ഈ ഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ. ഇന്നലെ പരസ്യപ്രചരണം പൂർത്തിയായി. ഇന്ന് നിശബ്ദ പ്രചരണമാണ് നടക്കുന്നത്. മദ്യനയ കേസിൽ ജാമ്യം ലഭിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ലോക്സഭ തിരഞ്ഞെടുപ്പിനായുള്ള പ്രചാരണങ്ങളിൽ സജീവമായിട്ടുണ്ട്. ബിജെപിക്കും മോദിക്കും എതിരെയുള്ള കടന്നാക്രമണമാണ് കെജ്രിവാള്‍ നടത്തുന്നത്. ഇന്ത്യ സഖ്യ സ്ഥാനാർത്ഥികൾക്കും എഎപിക്കുമായി പ്രചാരണം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.















