
കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കേരളത്തില്‍ നിന്നും ട്വന്റി-20യും കളത്തിലിറങ്ങുന്നു.
എറണാകുളം മണ്ഡലത്തിലെ ട്വന്റി 20 സ്ഥാനാര്‍ഥിയായി അഡ്വ. ആന്റണി ജൂഡിയെ പ്രഖ്യാപിച്ചു. എറണാകുളം തേവര സ്വദേശിയായ ആന്റണി ജൂഡി അഭിഭാഷകന്‍, യുവജനപ്രവര്‍ത്തകന്‍, സംരംഭകന്‍ എന്നി നിലകളില്‍ പ്രവര്‍ത്തിക്കുന്നു.
അതേസമയം ചാലക്കുടി മണ്ഡലത്തിലെ ട്വന്റി 20 സ്ഥാനാര്‍ഥിയായി അഡ്വ. ചാര്‍ളി പോളിനെ പ്രഖ്യാപിച്ചു. മലയാറ്റൂര്‍-നീലീശ്വരം സ്വദേശിയായ ഇദ്ദേഹം ഹൈക്കോടതി അഭിഭാഷകനാണ്. കിഴക്കമ്പലത്ത് നടന്ന മഹാസംഗമത്തില്‍ പ്രസിഡന്റ് സാബു എം ജേക്കബാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.
ഹൈമാസ്റ്റ് വിളക്കുകള്‍ സ്ഥാപിക്കുകയല്ലാതെ കഴിഞ്ഞ പത്തുവര്‍ഷമായി എല്‍.ഡി.എഫ്, യു.ഡി.എഫ്. എം.പിമാര്‍ മണ്ഡലത്തിനുവേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനിടെ അദ്ദേഹം ആരോപിച്ചു. എം.പിമാര്‍ക്ക് എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും അതിന് ട്വന്റി- 20ക്ക് രണ്ട് എം.പിമാരെ വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, തന്നെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യം ഉണ്ടായാല്‍ അതിന് ഒരാഴ്ച മുന്‍പ് മുഖ്യമന്ത്രിയുടെ മകളെ അറസ്റ്റ് ചെയ്യിക്കുമെന്ന് കിറ്റെക്‌സ് ഉടമകൂടിയായ സാബു എം ജേക്കബ് പറഞ്ഞു. ഒരാഴ്ചയായി സ്റ്റേഷനുകള്‍ കയറിയിറങ്ങുന്നുവെന്നും തന്റെ കയ്യിലുള്ളത് ആറ്റം ബോംബാണെന്നും സാബു പറഞ്ഞു.













