ലണ്ടനിൽ വെടിയേറ്റ മലയാളി പെൺകുട്ടി‌യു‌ടെ ആരോ​​ഗ്യനിലയിൽ പുരോ​ഗതി, വെടിയേറ്റത് ഗുണ്ടാ കുടിപ്പകയ്ക്കിടെയെന്ന് സൂചന

ലണ്ടൻ: ലണ്ടനിൽ മലയാളി പെൺകുട്ടിക്ക് വെടിയേറ്റത് ​ഗുണ്ടകൾ തമ്മിലെ ഏറ്റുമുട്ടലിലെന്ന് സൂചന. ഹാക്ക്നിയിലെ റസ്റ്ററന്റിൽ വെച്ചാണ് 10വ‌യസ്സുകാരിയായ ലിസേൽ മരിയ എന്ന പെൺകുട്ടിക്ക് അക്രമിയുടെ വെടിയേറ്റത്. കുട്ടിയു‌ടെ ആരോ​ഗ്യനിലയിൽ പുരോ​ഗതി‌യുണ്ടെന്നും മാതാപിതാക്കളുടെ ശബ്ദത്തോട് പ്രതികരിക്കുകയും കൈകൾ അനക്കുകയും ചെയ്‌തതെന്നും വിവരങ്ങൾ പുറത്തുവന്നു. പ്രതികളെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.

അക്രമത്തിന് പിന്നിൽ ഗുണ്ടകൾ തമ്മിലുള്ള കുടിപ്പകയാണെന്നും പെൺകുട്ടിക്ക് അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നുവെന്നുമാണ് എന്നുമാണ് പ്രാഥമിക നിഗമനം. ഐടി മേഖലയിൽ ജോലി ചെയ്തിരുന്ന എറണാകുളം പറവൂർ ഗോതുരുത്ത് ആനത്താഴത്ത് അജീഷ് – വിനയ ദമ്പതികളുടെ മകളാണ് ലിസേൽ. തലയ്ക്ക്‌ പിന്നിലാണ് വെടിയേറ്റത്. ലണ്ടനിലെ ആശുപത്രിയിൽ വിദഗ്ധ ചികിത്സയിൽ തുടരുകയാണ്. ഡ്യുക്കാറ്റി മോട്ടർ ബൈക്കിൽ എത്തിയ അക്രമി മറ്റു മൂന്ന് പേർക്ക് നേരെ വെടിവെച്ചതിനിടെ കുട്ടിക്കും വെടിയേൽക്കുകയായിരുന്നു. തുർക്കി വംശജരായ മൂന്ന് പേർക്ക് നേരെയാണ് ആക്രമി വെടിയുതിർത്തത്.

അക്രമികളെ ഇതുവരെയും പിടികൂടാനാകാത്തതിൽ കടുത്ത പ്രതിഷേധമുയരുന്നുണ്ട്. അക്രമികൾ ഓടിച്ചിരുന്നതെന്ന് കരുതുന്ന ബൈക്കിന്റെ ചിത്രം മെട്രോപൊലീറ്റൻ പൊലീസ് പുറത്തുവിട്ടു. സംഭവത്തിൽ പരുക്കേറ്റ തുർക്കി വംശജരായ മൂന്ന് പേരിൽ ഒരാളെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. 2021 ൽ വെംബ്ലിയിൽ നിന്നും മോഷണം പോയ ഡുക്കാറ്റി മോൺസ്റ്ററാണ് വെടിവെപ്പിന് ഉപയോഗിച്ച മോട്ടർ ബൈക്കെന്ന് പൊലീസ് പറഞ്ഞു. DP21OXY എന്ന റജിസ്ട്രേഷൻ പ്ലേറ്റ് ആണ് ബൈക്കിന് ഉണ്ടായിരുന്നത്.