
2018ൽ കാനഡയിലുണ്ടായ അപകടത്തിൽ 16 പേർ കൊല്ലപ്പെട്ട സംഭവത്തിൽ കുറ്റക്കാരനായ ലോറി ഡ്രൈവർ ജസ്കിരത് സിംഗ് സിദ്ദുവിനെ ഇന്ത്യയിലേക്ക് നാടു കടത്താൻ ഉത്തരവ്. ജൂനിയർ ഐസ് ഹോക്കി ടീം സഞ്ചരിച്ച ബസുമായി സിദ്ദു ഓടിച്ചിരുന്ന ലോറി ഇടിക്കുകയായിരുന്നു. അപകടകരമായി വാഹനമോടിച്ചതിന് എട്ട് വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട സിദ്ദു കഴിഞ്ഞ വർഷം പൂർണ പരോളിൽ പുറത്തിറങ്ങിയിരുന്നു.
സസ്‌കാച്ചെവാനിലെ ഗ്രാമീണ റോഡിൽ സെമി ട്രെയിലർ ഹോക്കി ടീം ബസുമായി കൂട്ടിയിടിച്ച് 16 പേർ മരിക്കുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഹംബോൾട്ട് ബ്രോങ്കോസ് ഐസ് ഹോക്കി ടീമിലെ 16 നും 21 നും ഇടയിൽ പ്രായമുള്ള പത്ത് കളിക്കാരാണ് മരിച്ചത്. സപ്പോർട്ട് സ്റ്റാഫും ടീമിൻ്റെ ഹെഡ്, അസിസ്റ്റൻ്റ് കോച്ചും എന്നിവരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
നിരവധി കളിക്കാർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും ജീവിതം മുഴുവൻ ദുരിതത്തിലാക്കിയ പരിക്കുകളോടെയാണ് അവരിൽ പലരും ജീവിക്കുന്നത്. പലരും വീൽ ചെയറിലാണ്.
എന്നാൽ നാടുകടത്തൽ ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന് സിദ്ദുവിൻ്റെ അഭിഭാഷകൻ അറിയിച്ചു. 2013ലായിരുന്നു സിദ്ദു കാനഡിയിലെത്തിയത്. അയാൾക്ക് പൌരത്വം ലഭിച്ചിട്ടുമില്ല.
Lorry driver involved in Canada crash ordered deported to India














