ലഖ്നൗ: ഐ പി എല്ലിൽ ഞായറായ്ച നടന്ന രണ്ടാം മത്സരത്തിൽ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെ നാണംകെടുത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. കരുത്തരായ ലഖ്നൗവിനെ അവരുടെ തട്ടകത്തിൽ 98 റണ്‍സിനാണ് കൊല്‍ക്കത്ത പരാജയപ്പെടുത്തിയത്. അക്ഷരാർഥത്തിൽ നായാട്ട് നടത്തിയ സുനില്‍ നരൈൻ ആണ് കെ കെ ആറിന്‍റെ വിജയശില്‍പ്പി. സ്‌കോര്‍: കൊല്‍ക്കത്ത 235-6 (20), ലഖ്നൗ 137-10 (16.1).
ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്തയ്ക്ക് തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ സുനില്‍ നരൈനും 81(39), ഫിലിപ്പ് സാള്‍ട്ടും 32(14) ചേര്‍ന്ന് നല്‍കിയത്. അന്‍ക്രിഷ് രഘുവംശി 32(26), രമണ്‍ദീപ് സിംഗ് 25*(6) എന്നിവരുടെ തകർപ്പനടികളും കൂടിയായതോടെ കൊൽക്കത്ത കൂറ്റന്‍ സ്‌കോര്‍ നേടി. ലഖ്നൗവിന് വേണ്ടി ഫാസ്റ്റ് ബൗളര്‍ നവീന്‍ ഉള്‍ ഹഖ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
236 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന എല്‍ എസ് ജിക്ക് വേണ്ടി 36 റണ്‍സ് നേടിയ ഓസീസ് ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനിസ് മാത്രമാണ് പോരാട്ടവീര്യം പുറത്തെടുത്തത്. നായകൻ കെ എല്‍ രാഹുൽ 25(21) പിടിച്ചുനിൽക്കാൻ നോക്കിയെങ്കിലും കാര്യമുണ്ടായില്ല. ദീപക് ഹൂഡ 5(3), നിക്കോളസ് പൂരന്‍ 10(8), ആയുഷ് ബദോനി 15(12) എന്നിവര്‍ നിരാശപ്പെടുത്തിയതോടെ ലഖ്നൗ പരാജയമേറ്റുവാങ്ങി. കൊല്‍ക്കത്തയ്ക്ക് വേണ്ടി വരുണ്‍ ചക്രവര്‍ത്തി മൂന്ന് വിക്കറ്റ് വീഴ്ത്തി ബൗളിംഗില്‍ തിളങ്ങി.
ജയത്തോടെ പ്ലേ ഓഫ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഏറെക്കുറെ ഉറപ്പിച്ചിട്ടുണ്ട്. നിലവിൽ രാജസ്ഥാൻ റോയൽസിനെയും മറികടന്ന് കൊൽക്കത്ത പോയിന്‍റ് ടേബിളിലും മുന്നിലെത്തി. ഇരു ടീമുകൾക്കും 16 പോയിന്‍റാണ് ഉള്ളതെങ്കിലും മികച്ച റൺറേറ്റാണ് കെ കെ ആറിനെ മുന്നിലെത്തിച്ചത്. 11 കളികളിൽ നിന്ന് 12 പോയിന്‍റുള്ള ലഖ്നൗവ് അഞ്ചാം സ്ഥാനത്താണ്.
LSG vs KKR, IPL 2024 Highlights: Sunil Narine shines as Kolkata Knight Riders crush Lucknow Super Giants by 98 runs, go to top of table