
ലക്നൗ: ഐപിഎലിൽ പഞ്ചാബ് കിങ്സിനു മുന്നിൽ 200 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമുയർത്തി ലക്നൗ സൂപ്പർ ജയന്റ്സ്. ഓപ്പണർ ക്വിന്റൻ ഡി കോക്ക് (54), ക്യാപ്റ്റൻ നിക്കോളസ് പുരാൻ (42), കൃണാൽ പാണ്ഡ്യ (43*) എന്നിവരുടെ മികച്ച ബാറ്റിങ്ങിലാണ് ലക്നൗ മികച്ച ടോട്ടൽ ഉയർത്തിയത്. 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിലാണ് ലക്നൗ 199 റൺസ് നേടിയത്.
പഞ്ചാബിനായി സാം കറൻ മൂന്നു വിക്കറ്റു വീഴ്ത്തി. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ സൂപ്പർ ജയന്റ്സ് ബാറ്റിങ് തെരഞ്ഞെടുത്തു. ഓപ്പണർമാരായ ക്വിന്റൻ ഡി കോക്കും കെ.എൽ.രാഹുലും ചേർന്ന് ആദ്യ വിക്കറ്റിൽ 35 റൺസ് ചേർത്തു. എന്നാൽ 15 റൺസെടുത്ത രാഹുൽ, ജോണി ബെയർസ്റ്റോയ്ക്ക് ക്യാച്ച് നൽകിയാണ് മടങ്ങി. പിന്നാലെ ദേവ്ദത്ത് പടിക്കലും (9) മടങ്ങിയതോടെ ലക്നൗ തകർച്ച മുന്നിൽക്കണ്ടു. അടിച്ചുതുടങ്ങിയ മാർക്കസ് സ്റ്റോയിനിസിനെ (19) രാഹുൽ ചാഹർ ബൗൾഡാക്കി. പിന്നീടെത്തിയ പൂരാൻ കളം വാണു.
ഇതിനിടെ 14–ാം ഓവറിലെ ആദ്യ പന്തിൽ വിക്കറ്റ് കീപ്പർ ജിതേഷ് ശർമയ്ക്ക് ക്യാച്ച് നൽകി ഡി കോക്ക് മടങ്ങി. 38 പന്തിൽ 2 സിക്സും 5 ഫോറും സഹിതമാണ് താരം 54 റൺസ് നേടിയത്. പുരാൻ തകർത്തടിച്ചതോടെ ടീം സ്കോർ 150 കടന്നു. 21 പന്തിൽ 42 റണ്‍സ് നേടിയ പുരാനെ കഗിസോ റബാഡ ക്ലീൻ ബോൾഡാക്കുകയായിരുന്നു.
ആയുഷ് ബദോനി (8), രവി ബിഷ്ണോയ് (0), രവി ബിഷ്ണോയ് (0) എന്നിവർ നിരാശപ്പെടുത്തി. അവസാന ഓവറുകളിൽ വമ്പനടികളുമായി കൃണാൽ പാണ്ഡ്യ കളം നിറഞ്ഞതോടെ സ്കോർ 200നു തൊട്ടടുത്തെത്തി. 22 പന്തു നേരിട്ട കൃണാൽ 2 സിക്സും 4 ഫോറും ഉൾപ്പെടെ 43 റൺസ് നേടി പുറത്താകാതെ നിന്നു.
Lucknow super giants set target 200 against Punjab












