258.2 കോടി ഓഹരികള്‍ വില്‍ക്കാന്‍ ലുലു ഗ്രൂപ്പ്, ഈ മാസം 28നാണ് തുടക്കം; അറിയേണ്ടതെല്ലാം

പ്രമുഖ മലയാളി വ്യവസായി എംഎ യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പിന്റെ ഓഹരികള്‍ വില്‍പനയ്ക്ക്. മിഡില്‍ ഈസ്റ്റിലെ വലിയ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയുടെ ഐപിഒയ്ക്ക് ഈ മാസം 28നാണ് തുടക്കമാകുക.

നവംബര്‍ അഞ്ചുവരെയുള്ള ഐപിഒയിലൂടെ 258.2 കോടി ഓഹരികളാണ് വിറ്റഴിക്കുക. യുഎഇയിലെ അബുദാബി ആസ്ഥാനമായ ലുലു ഗ്രൂപ്പ്, ലുലു റീറ്റെയ്ല്‍ ഹോള്‍ഡിങ്ങിന്റെ 25 ശതമാനം ഓഹരികളാണ് ഐപിഒയിലൂടെ വിറ്റഴിക്കാന്‍ നിശ്ചയിച്ചിരിക്കുന്നത്. 0.051 ദിര്‍ഹം ആണ് ഓഹരിയുടെ അടിസ്ഥാന വില കണക്കാക്കിയിട്ടുള്ളത്. കൃത്യമായ നിരക്ക് ഓഹരി വില്‍പന തുടങ്ങുന്നതിന് തൊട്ടു മുമ്പ് പ്രഖ്യാപിക്കും.

ഓഹരി വില്പന ഇങ്ങനെ
10% ഓഹരികള്‍ ചെറുകിട നിക്ഷേപകര്‍ക്കായി നീക്കിവയ്ക്കും. 89% ഓഹരികള്‍ യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങള്‍ക്കും ബാക്കി ഒരു ശതമാനം ലുലുവിന്റെ ജീവനക്കാര്‍ക്കുമായിരിക്കും. റീറ്റെയ്ല്‍ നിക്ഷേപകര്‍ക്കും ക്യുഐബിക്കും മിനിമം 1,000 ഓഹരികള്‍ക്കായി അപേക്ഷിക്കാം. ജീവനക്കാര്‍ക്ക് മിനിമം 2,000 ഓഹരികള്‍ ഉറപ്പാക്കും.

15,120 കോടി രൂപവരെ സമാഹരിക്കാന്‍ ലക്ഷ്യം

ഐപിഒയിലൂടെ 170 കോടി ഡോളര്‍ മുതല്‍ 180 കോടി ഡോളര്‍ വരെ, അതായത് ഏകദേശം 14,280 കോടി രൂപ മുതല്‍ 15,120 കോടി രൂപവരെ സമാഹരിക്കുകയാണ് ഇതിലൂടെ ലക്ഷ്യംവയ്ക്കുന്നത്. അബുദാബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യാനാണ് ഐപിഒ. നവംബര്‍ 14 മുതല്‍ അബുദാബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചില്‍ സ്റ്റോക്കിന്റെ വ്യാപാരം തുടങ്ങാന്‍ കഴിയുന്നവിധം ക്രമീകരണം ഒരുക്കും.

യുഎഇയില്‍ പ്രവാസി ഇന്ത്യക്കാര്‍ നിരവധിയുള്ളത് ലുലു ഗ്രൂപ്പിന്റെ ഓഹരി വില്പനയെ കാര്യമായി സഹായിച്ചേക്കും. ജിസിസിയിലും ഇന്തോനേഷ്യ, ഈജിപ്റ്റ് എന്നിവിടങ്ങളിലും 260ല്‍ കൂടുതല്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ലുലുവിനുണ്ട്. ഇതിന് പുറമേ 20ല്‍ അധികം ഷോപ്പിങ് മാളുകളുമുണ്ട്.

More Stories from this section

family-dental
witywide