ലുലു ഗ്രൂപ്പിന്റെ കോട്ടയത്തെ ഷോപ്പിങ് മാൾ ഉടൻ എത്തും; ഗുജറാത്തിൽ എത്തുന്നത് രാജ്യത്തെ ഏറ്റവും വലിയ മാൾ, ചെന്നൈയിലും പദ്ധതികൾ

പ്രമുഖ വ്യവസായി എം.എ. യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പ് ഇന്ത്യയിൽ വൻ വിപുലീകരണത്തിന് ഒരുങ്ങുന്നു. കേരളത്തിൽ നിലവിൽ തിരുവനന്തപുരം, കൊച്ചി, പാലക്കാട് എന്നിവിടങ്ങളിലാണ് ലുലു ഗ്രൂപ്പിന്റെ ഷോപ്പിങ് മാളുകൾ പ്രവർത്തിക്കുന്നത്. തൃപ്രയാറിൽ വൈമാളും പ്രവർത്തിക്കുന്നു. കോട്ടയത്തും പുതിയ ലുലു മാൾ ഉയരുകയാണ്. ഇത് ഈ വർഷാവസാനമോ അടുത്ത വർഷം ആദ്യമോ തുറക്കാനാണ് പദ്ധതി. കൂടാതെ കേരളത്തിൽ ലുലു ഗ്രൂപ്പിന്റെ അ‍ഞ്ചാമത്തെ ഷോപ്പിങ് മാൾ അടുത്തമാസം ആദ്യം കോഴിക്കോട് മാങ്കാവിൽ പ്രവർത്തനം ആരംഭിക്കും.

ഇന്ത്യയുടെ തന്നെ മറ്റ് ഭാഗങ്ങളിലേക്കും ലുലു ഗ്രൂപ്പ് വളരുകയാണ്. ഗുജറാത്തിലെ അഹമ്മദാബാദിൽ റെക്കോർ‌ഡ് തുകയ്ക്ക് വാങ്ങിയ ഭൂമിയിൽ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഷോപ്പിങ് മാൾ ലുലു ഗ്രൂപ്പ് സജ്ജമാക്കും. തമിഴ്നാട്ടിൽ കോയമ്പത്തൂരിൽ നിലവിൽ ലുലുവിന് ഹൈപ്പർമാർക്കറ്റുണ്ട്.

തമിഴ്നാട്ടിൽ കൂടുതൽ ഷോപ്പിങ് മാളുകളും ഹൈപ്പർമാർക്കറ്റുകളും സ്ഥാപിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി വ്യക്തമാക്കി. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ എന്നിവരുമായി അദ്ദേഹം അടുത്തിടെ ചർച്ച നടത്തിയിരുന്നു. ജമ്മു കശ്മീരിൽ പുതിയ ഭക്ഷ്യസംസ്കരണ കേന്ദ്രവും ലുലു ഗ്രൂപ്പ് സ്ഥാപിച്ചേക്കും.

കഴിഞ്ഞ ജൂണിലാണ് അഹമ്മദാബാദ് മുനിസിപ്പിൽ കോർപ്പറേഷനിൽ നിന്ന് 519 കോടി രൂപയ്ക്ക് ലുലു ഗ്രൂപ്പ് ഭൂമി വാങ്ങിയത്. അഹമ്മദാബാദ് കോർപ്പറേഷന് കീഴിൽ നടന്ന ഏറ്റവും വലിയ ഭൂമി വിൽപന ഇടപാടുമായിരുന്നു ഇത്. ഇവിടെ ഏകദേശം 4,000 കോടി രൂപ നിക്ഷേപത്തോടെ ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിങ് മാൾ ഒരുക്കാനുള്ള ലക്ഷ്യത്തിലാണ് ലുലു ഗ്രൂപ്പ്. മാളിന്റെ നിർമാണപ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്നും നേരിട്ടും പരോക്ഷമായും മാളിൽ 7,500ഓളം പേർക്ക് തൊഴിൽ ലഭിക്കുമെന്നും എം.എ. യൂസഫലി വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യയിൽ നിലവിൽ കൊച്ചി, തിരുവനന്തപുരം, ബെംഗളൂരു, ലക്നൗ, ഹൈദരാബാദ്, തൃശൂർ തൃപ്രയാർ, പാലക്കാട് എന്നിവിടങ്ങളിലാണ് ലുലു ഷോപ്പിങ് മാളുകളുള്ളത്. ഈ മാളുകൾക്ക് പുറമേ കോയമ്പത്തൂരിലും കൊച്ചി ഫോറം മാളിലും ഹൈപ്പർമാർക്കറ്റുകളും പ്രവർത്തിക്കുന്നു. തമിഴ്നാട്ടിലുടനീളം ഷോപ്പിങ് മാളുകളും ഹൈപ്പർമാർക്കറ്റുകളും സ്ഥാപിക്കാൻ ലുലുവിന് പദ്ധതിയുണ്ട്. ആദ്യഘട്ടത്തിൽ ചെന്നൈയിൽ ഷോപ്പിങ് മാൾ സ്ഥാപിക്കാനുള്ള ഭൂമി സംബന്ധിച്ച് തമിഴ്നാട് സർക്കാരുമായി ചർച്ചകൾ പുരോഗമിക്കുന്നു.

More Stories from this section

family-dental
witywide