
കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ വി ഐ പി ഗ്യാലറിയില്‍ നിന്ന് വീണു ഗുരുതര പരുക്കേറ്റ ഉമ തോമസ് എം.എല്‍.എയെ പരിശോധിക്കാനായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. കോട്ടയം, എറണാകുളം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരും സംഘത്തിനൊപ്പം ചേരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
നിലവില്‍ അടിയന്തര ശസ്ത്രക്രിയ ആവശ്യമില്ലെന്നും നല്‍കുന്ന ചികിത്സകളോട് എങ്ങനെ പ്രതികരിക്കുന്നു എന്നതിന് അനുസരിച്ചായിരിക്കും തുടര്‍ തീരുമാനമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
മുഖത്ത് ഉള്‍പ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരുക്കുകള്‍ ഉണ്ടെങ്കിലും അവയൊന്നും സാരമുള്ളതല്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. അതേസമയം, ആരോഗ്യസ്ഥിതി മെച്ചമാണെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
ആശുപത്രിയില്‍ മന്ത്രി പി.രാജീവും സജി ചെറിയാനും കോണ്‍ഗ്രസ് നേതാക്കളും എത്തിയിട്ടുണ്ട്. കുടുംബം ആശുപത്രിയില്‍ എത്തി. ഡിഐജി പുട്ട വിമലാദിത്യയും ആശുപത്രിയിലുണ്ട്.









